കാട്ടാക്കട: ഹോട്ടലില്‍ നിന്നും വാങ്ങിയ പൊരിച്ച ചിക്കനില്‍ ചത്ത പുഴുവിനെ കണ്ടെത്തിയെന്ന പരാതിയില്‍ നടപടിയെടുത്ത് അധികൃതര്‍. ചിക്കന്‍ കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കട ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഐശ്വര്യ ഹോട്ടല്‍ പരാതിയെ തുടര്‍ന്ന് അധികൃതര്‍ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവരുടെ പരിശോധനയില്‍ ഹോട്ടലില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തിയതോടെയാണ് നടപടി. ഹോട്ടല്‍ അസോസിയേഷന്‍ കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹോട്ടലുടമ വിക്രമന്‍ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി.

ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കാട്ടാക്കട, കഞ്ചിയൂര്‍ക്കോണം,വാനറ തല വീട്ടില്‍ അനി (35), ഭാര്യ അജിത (28), അനിയുടെ സഹോദരി ശാലിനി (36), ശാലിനിയുടെ മക്കളായ ശാലു (17), വര്‍ഷ (13) എന്നിവരെകാട്ടാക്കട ആശുപത്രിയിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയിലും പ്രവേശിപ്പിച്ചത്. ചിക്കന്‍ കഴിച്ച ഉടനെ ഇവര്‍ക്ക് വയറില്‍ അസ്വസ്ഥതയും ഛര്‍ദിയുമുണ്ടായി. തുടര്‍ന്ന് ഇവിടെയെത്തിയ ബന്ധു നടത്തിയ പരിശോധനയിലാണ് കഴിച്ചതില്‍ ബാക്കി ഉണ്ടായിരുന്ന ചിക്കനില്‍ ചത്ത പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികളെ ഉള്‍പ്പെടെ അഞ്ചുപേരെയും കാട്ടാക്കട സര്‍ക്കാര്‍ ആശുപത്രിയിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയിലും പ്രവേശിപ്പിക്കയായിരുന്നു. കാട്ടാക്കട പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയ ശേഷമാണ് കുടുംബം നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സ തേടിയത്.

പരാതികളെ തുടര്‍ന്ന് ആമച്ചല്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരികുമാര്‍ കെ.ജെ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍മാരായ ചിഞ്ചു കെ പ്രസാദ്, ഹാഷ്മി മോള്‍, ഹരിത, കാട്ടാക്കട പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അനുജ, പഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാര്‍, അരുവിക്കര ഭക്ഷ്യ സുരക്ഷ ഇന്‍സ്‌പെക്ടര്‍ പൂജാ രവീന്ദ്രന്‍, നെയ്യാറ്റിന്‍കര ഭക്ഷ്യ സുരക്ഷ ഇന്‍സ്‌പെക്ടര്‍ അനുജ എന്നിവര്‍ ഐശ്വര്യ ഹോട്ടലില്‍ പരിശോധന നടത്തി.

പരിശോധനക്ക് എത്തുമ്പോള്‍ പാചകം ചെയ്യാനായി തയാറാക്കി വച്ചിരിക്കുന്ന ഇറച്ചി, പച്ചക്കറി, കറികൂട്ടുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നിലത്തും മേശക്ക് അടിയിലും വൃത്തിഹീനമായ സാഹചര്യത്തില്‍ തുറന്ന് വെച്ച നിലയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം ഭക്ഷണത്തില്‍ പുഴു കണ്ടെത്തി വിവാദമായിട്ടും അടുത്ത ദിവസം ഇത് വകവെയ്ക്കാതെ ഹോട്ടലില്‍ ഒരു ശുചീകരണവും നടത്താതെ വൃത്തിഹീനമായിത്തന്നെ പ്രവര്‍ത്തനം തുടര്‍ന്നതില്‍ ആശ്ചര്യമുണ്ടെന്ന് പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭക്ഷണ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി ഇട്ടിരിക്കുകയായിരുന്നു. ജീവനക്കാര്‍ ഹെഡ് ക്യാപ് ധരിക്കാതെയും വൃത്തിഹീനമായ വസ്ത്രങ്ങള്‍ ധരിച്ച നിലയിലുമായിരുന്നു.

ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്ന ഇടങ്ങളില്‍ പാഴ്വസ്തുക്കളുടെ ശേഖരം കണ്ടെത്തി. ഭക്ഷണം കൊടുക്കുന്നതിന് ഉപയോഗിച്ചിരുന്ന ഇല വൃത്തിഹീനമാണെന്നു കണ്ടെത്തി. പൂപ്പല്‍ പിടിച്ച നാരങ്ങാ അച്ചാറും ഭക്ഷ്യ സുരക്ഷ വിഭാഗം കണ്ടെത്തി. ദുര്‍ഗന്ധം വമിക്കുന്ന സാഹചര്യമാണ് ഹോട്ടലിലും പരിസരത്തും ഉണ്ടായിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഹോട്ടലില്‍ ഉപയോഗിക്കുന്ന വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന നടത്തണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി

ആരോഗ്യ വകുപ്പും, ഭക്ഷ്യ സുരക്ഷ വകുപ്പുകളും പ്രത്യേകം പ്രത്യേകം നോട്ടിസ് നല്‍കുകയും അടിയന്തിരമായി ഹോട്ടല്‍ പൂട്ടാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തു. പഴകിയ ഭക്ഷണങ്ങളുടെയും കഴിഞ്ഞ ദിവസം പരാതിക്കാരന്‍ വാങ്ങിയ പൊരിച്ച കോഴി ഇറച്ചിയുടെ സാമ്പിളും ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ചു. ഇ ലാബില്‍ അയച്ചു പരിശോധന നടത്തും. അപാകതകള്‍ പരിഹരിച്ച് ഹോട്ടല്‍ ശുചീകരിച്ച് ഫോട്ടോ സഹിതം ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹിയറിങ്ങിനു സമര്‍പ്പിക്കണമെന്നും ശേഷം പരിശോധന നടത്തി ഉറപ്പു വരുത്തിയിട്ടു മാത്രമേ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കുകയുള്ളൂ എന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.