ആഗ്ര: ആഗ്രയിലെ യമുന എക്‌സ്‌പ്രസ്‌വേയിൽ കമ്പിളിയിൽ പൊതിഞ്ഞ നിലയിൽ ഉപേക്ഷിക്കപ്പെട്ട ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ചുഴുളഴിച്ചത് പോലീസിന്റെ നിർണായക നീക്കം. 24 മണിക്കൂർ നീണ്ട അന്വേഷണത്തിൽ പരമ്പരാഗത പോലീസ് രീതികൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസും (എഐ) നിർണ്ണായക പങ്കുവഹിച്ചു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ യുവതിയെ തിരിച്ചറിയാനും കൊലപാതകത്തിന്റെ ദുരൂഹത നീക്കാനും പോലീസിനായി. മഹോബ സ്വദേശിനിയായ സോണാലി (25) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ യുവതിയുടെ ലിവിങ് പങ്കാളിയായിരുന്നു സണ്ണി എന്നയാൾ പിടിയിലായി.

ഫെബ്രുവരി 6-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഖണ്ഡൗലി പ്രദേശത്ത് എക്‌സ്‌പ്രസ്‌വേയ്ക്ക് സമീപം മൃതദേഹമെന്ന് തോന്നിപ്പിക്കുന്ന ഒന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാൾ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പ്രാദേശിക പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം സംഭവസ്ഥലത്തെത്തി. റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ, കമ്പിളിയിൽ മുറുക്കി പൊതിഞ്ഞ ഒരു യുവതിയുടെ മൃതദേഹമാണ് അവർക്ക് അവിടെ കണ്ടെത്താനായത്. അവരുടെ കഴുത്തിലും മുഖത്തും പരിക്കേറ്റ പാടുകളുണ്ടായിരുന്നു.

യുവതിയെ മറ്റൊരിടത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആഗ്രയിൽ കൊണ്ടുവന്ന് തള്ളിയതാകാം എന്ന് പരിക്കുകളുടെ സ്വഭാവം പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡിനെ എത്തിച്ചു. കൂടാതെ, സ്ഥലവും മൃതദേഹവും വിശദമായി പരിശോധിക്കുന്നതിനായി ഒരു ഫോറൻസിക് സംഘത്തെയും വിളിച്ചുവരുത്തി. മൃതദേഹത്തിൽ നിന്ന് തിരിച്ചറിയൽ രേഖകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ അവളുടെ കൈയിൽ "ആർഎസ്", "സണ്ണി" എന്നിങ്ങനെ രണ്ട് വാക്കുകൾ എഴുതിയിരിക്കുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു.

തിരിച്ചറിയപ്പെടാത്ത മൃതദേഹത്തിന്റെ ചിത്രം മേഖലയിലെയും പരിസരത്തെയും എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും പോലീസ് അയച്ചുകൊടുത്തു. ഈ അടുത്ത കാലത്ത് കാണാതായവരുടെ പരാതികളുമായി മൃതദേഹത്തിന് സാമ്യമുണ്ടോ എന്ന് പരിശോധിക്കാൻ പോലീസ് ശൃംഖലയിലുടനീളം ചിത്രം പങ്കുവെച്ചു. എന്നാൽ ഇത്രയധികം പരിശ്രമിച്ചിട്ടും തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിലുള്ള ഒരു മറുപടിയും ലഭിച്ചില്ല.

പരമ്പരാഗത രീതികൾ പരാജയപ്പെട്ടതോടെ, അന്വേഷണ ഉദ്യോഗസ്ഥർ ആധുനിക സാങ്കേതികവിദ്യയുടെ സഹായം തേടി. യുവതിയുടെ മുഖരൂപം പുനർനിർമ്മിക്കുന്നതിനായി പോലീസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ചു. മൃതദേഹത്തിന്റെ ചിത്രം ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ പുനരാവിഷ്കരിക്കുകയായിരുന്നു ഇതിലൂടെ ചെയ്തത്. പ്രധാനമായും, യുവതിയുടെ അടഞ്ഞുകിടന്ന കണ്ണുകൾ ഡിജിറ്റലായി തുറന്ന നിലയിലാക്കി ഒരു ജീവനുള്ള വ്യക്തിയുടേതിന് സമാനമായ രൂപം നൽകി.

ഇങ്ങനെ മെച്ചപ്പെടുത്തിയെടുത്ത ചിത്രം പിന്നീട് മുഖത്തിന്റെ വ്യക്തമായ രൂപം നിർമ്മിച്ചെടുക്കാൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷനിലൂടെ പ്രോസസ്സ് ചെയ്തു. എഐയുടെ സഹായത്തോടെയുള്ള ഈ പുനർനിർമ്മാണത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്ന വിധത്തിലുള്ള ഒരു മുഖരൂപം ലഭ്യമായി. ഈ ഡിജിറ്റൽ പുനർനിർമ്മാണം അന്വേഷണത്തിൽ വലിയൊരു വഴിത്തിരിവായി മാറി. കൊല്ലപ്പെട്ടത് മഹോബ സ്വദേശിനിയായ സോണാലിയാണെന്ന് ഇതോടെ തിരിച്ചറിഞ്ഞു. അന്വേഷണത്തിനിടയിൽ, സംശയമുണർത്തുന്ന വ്യക്തിയായി "സണ്ണി" എന്ന പേര് ഉയർന്നുവന്നു. ഒടുവിൽ പോലീസ് ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.

പോലീസിന്റെ മൊഴി പ്രകാരം, ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തിയത് സോണാലി തന്റെ കൂടെ ജീവിക്കാനായി വീടുവിട്ട് ഇറങ്ങി വന്നവളാണെന്നാണ്. ഇരുവരും ലിവിങ് ടുഗദർ ബന്ധത്തിലായിരുന്നു. എന്നാൽ സോണാലിയെ ഒഴിവാക്കാൻ ആഗ്രഹിച്ച സണ്ണി, അവളെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സണ്ണി സോണാലിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കമ്പിളിയിൽ പൊതിഞ്ഞ് യമുന എക്‌സ്‌പ്രസ്‌വേയിൽ എത്തിക്കുകയും ഖണ്ഡൗലി പ്രദേശത്ത് ഉപേക്ഷിക്കുകയുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.