ലഖ്നൗ: നവരാത്രി സമയത്ത് ദുർഗ്ഗാ ദേവിയെ മനസ്സിരുത്തി ആരാധിക്കാൻ കഴിയാത്ത വിഷമത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. വിഷം ഉള്ളിൽ ചെന്നാണ് യുവതി മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ആർത്തവം കാരണമാണ് യുവതിക്ക് നവരാത്രി ആഘോഷിക്കാൻ കഴിയാത്തത്. ഇതിൽ മനം നൊന്താണ് യുവതി ആത്മഹത്യ ചെയ്തത്.

ഉത്തർപ്രദേശിലെ ഝാൻസിലാണ് ദാരുണ സംഭവം നടന്നത്. 36കാരിയായ പ്രിയാൻഷ സോണിയാണ് മരിച്ചത്. ചൈത്ര നവരാത്രി ആഘോഷിക്കാനും ദുർഗ്ഗാ ദേവിയെ ആരാധിക്കാനും തയ്യാറെടുക്കുകയായിരുന്നു പ്രിയാൻഷ സോണി. ഭർത്താവ് ജോലിക്ക് പോയ സമയത്താണ് പ്രിയാൻഷ ആത്മഹത്യ ചെയ്തത്.

ഒൻപത് ദിവസത്തെ ആഘോഷങ്ങൾ തുടങ്ങുന്നതിന് ഒരു ദിവസം മുമ്പ്, പൂജയ്ക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ ഭർത്താവ് മുകേഷിനോട് പ്രിയാൻഷി ആവശ്യപ്പെട്ടു. പൂക്കൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, വിളക്കുകൾ, ധാന്യങ്ങൾ തുടങ്ങിയവ ഇവർ ലിസ്റ്റിട്ട് നൽകിയിരുന്നെന്നും ഭർത്താവ്. പക്ഷെ അന്ന്, മാർച്ച് 30 ന് സോണിയക്ക് ആർത്തവം ആരംഭിച്ചു. ഇതിൽ മനം നൊന്ത് യുവതി വിഷം കഴിച്ച് ആത്മഹത്യ ചെയ്തെന്ന് ഭർത്താവ് സോണി പറഞ്ഞു.

ഇതിനിടെ, പ്രിയാൻഷ ഒരു വർഷത്തോളം നവരാത്രിക്കായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ആർത്തവം കാരണം അവൾക്ക് ഉപവസിക്കാനോ ദേവിയെ ആരാധിക്കാനോ കഴിഞ്ഞില്ലെന്നും ഞാൻ ഒരുപാട് ആശ്വസിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സോണി വ്യക്തമാക്കി.

വിഷം കഴിച്ച യുവതിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ 'തനിക്ക് ഒരു തെറ്റ് പറ്റി'യെന്ന് അവർ പറഞ്ഞതായി മുകേഷ്. ആദ്യം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും പിന്നീട് 2:30 ഓടെ ഛർദിയും നടുവേദനയും ഒടുവിൽ മൂർച്ഛിക്കുകയായിരുന്നു. പിറ്റേന്ന് വീണ്ടും ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.