മൂന്നാര്‍: വട്ടവടയിലെ കര്‍ഷകരെ കബളിപ്പിച്ചു ഒന്നരക്കോടി രൂപയുടെ പച്ചക്കറികള്‍ വാങ്ങിയശേഷം മുങ്ങിയ യുവാവിനെ പോലിസ് പിടികൂടി. ഒന്നര വര്‍ഷത്തിനു ശേഷം ചെന്നൈയില്‍ നിന്നുമാണ് യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തത്. ചെണ്ടുവര എസ്‌റ്റേറ്റ് പിആര്‍ ഡിവിഷനില്‍ എസ്. യേശുരാജ് (32) ആണ് മൂന്നാര്‍ പോലിസിന്റെ പിടിയിലായത്.

പണം നല്‍കാത്തതിനെത്തുടര്‍ന്ന്, ഒന്നര വര്‍ഷം മുന്‍പു ഹോര്‍ട്ടികോര്‍പ്പിനു പച്ചക്കറികള്‍ നല്‍കുന്നതു കര്‍ഷകര്‍ അവസാനിപ്പിച്ചിരുന്നു. തുടര്‍ന്നു സ്വകാര്യ കമ്പനി കര്‍ഷകരില്‍ നിന്നു പച്ചക്കറി വാങ്ങാന്‍ തുടങ്ങി. കമ്പനി ജീവനക്കാരനായിരുന്ന യേശുരാജിനായിരുന്നു കര്‍ഷകരില്‍ നിന്നും പച്ചക്കറി വാങ്ങേണ്ട ചുമതല. എന്നാല്‍ ഇയാള്‍ കമ്പനിയെ അറിയിക്കാതെ കര്‍ഷകരില്‍ നിന്ന് പച്ചക്കറി വാങ്ങി മറിച്ചു വില്‍ക്കുക ആയിരുന്നു.

പല പ്രാവശ്യമായി ഒന്നരക്കോടിയുടെ പച്ചക്കറി ശേഖരിച്ച ഇയാള്‍ തമിഴ്‌നാട്ടിലെ മാര്‍ക്കറ്റുകളില്‍ കൊണ്ടുപോയി വിറ്റു. കര്‍ഷകര്‍ പണമാവശ്യപ്പെട്ടു കമ്പനിയെ സമീപിച്ചതോടെയാണു തട്ടിപ്പു പുറത്തായത്. ഇതോടെ ഇയാള്‍ നാട്ടില്‍ നിന്നും മുങ്ങുകയായിരുന്നു.

എസ്‌ഐ ഷാജി ആന്‍ഡ്രൂസ്, എഎസ്‌ഐ സാജു പൗലോസ്, സിപിഒമാരായ മണികണ്ഠന്‍, ഡോണി ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ദേവികുളം കോടതി റിമാന്‍ഡ് ചെയ്തു.