- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബംഗളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസില്‍ നിന്നിറങ്ങി; പോലീസിനെ കണ്ട് ഒറ്റയോട്ടം! യുവാവ് എംഡിഎംഎയുമായി പിടിയില്‍; കുളനടയില്‍ പിടിയിലായത് തുമ്പമണ്‍കാരന്‍ ബ്രില്ലിമാത്യു; മുന്‍പ് ഇന്‍ഫോര്‍മര്‍ ചമഞ്ഞ് പോലീസിനെയും പറ്റിച്ചു
യുവാവ് എംഡിഎംഎയുമായി പിടിയില്‍
പന്തളം: ബംഗളുരുവില്‍ നിന്നും ബസില്‍ കൊണ്ടുവന്ന എംഡിഎംഎ യുമായി യുവാവിനെ ഡാന്‍സാഫ് സംഘവും പന്തളം പോലീസും ചേര്‍ന്ന് പിടികൂടി. പന്തളം തുമ്പമണ്‍ മുട്ടം വടക്കടത്ത് മണ്ണില്‍ വീട്ടില്‍ ബ്രില്ലി മാത്യു (40)വാണ് അറസ്റ്റിലായത്. കുളനട ഇന്ത്യന്‍ ഓയില്‍ പമ്പിന്റെ മുന്നില്‍ ബസില്‍ വന്നിറങ്ങിയപ്പോഴാണ് പിടിയിലായത്. പ്രതിയില്‍ നിന്നും 36.55 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. എട്ടു ചെറിയ സിറിഞ്ചുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളും പ്രതിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. മുന്‍പ് മണ്ണുകടത്തുകാരെ പിടിക്കാനുള്ള ഇന്‍ഫോര്‍മര്‍ ചമഞ്ഞ് പോലീസിനെ കബളിപ്പിച്ചിരുന്നയാളാണ് ബ്രില്ലി. പോലീസിന്റെ നീക്കങ്ങള്‍ മണ്ണുകടത്തുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്തുള്ള ഡബിള്‍ ഗെയിമാണ് ഇയാള്‍ കളിച്ചിരുന്നത്.
ഇന്നലെ ഉച്ചയ്ക്ക് 2.35 നാണ് ഇയാളെപിടികൂടിയത്. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ്, കൈവശമുണ്ടായിരുന്ന ബാഗിന്റെ അറയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമായി രാസലഹരി സംസ്ഥാനത്തിനു പുറത്തു നിന്നും എത്തിക്കുന്നതായി സംശയിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ഡാന്‍സാഫിന്റെ നിരീക്ഷണത്തിലായിരുന്നു. ബംഗളുരുവില്‍ നിന്നും എത്തിച്ച എംഡിഎംഎ ആലപ്പുഴ പത്തനംതിട്ട ജില്ലകളില്‍ ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നതിന് ഉദ്ദേശിച്ചു കൊണ്ടുവന്നതാണെന്ന് അന്വേഷണത്തില്‍ വെളിവായി. ഇയാള്‍ക്ക് ഇത് ആരു നല്‍കി, കൂടുതല്‍ പ്രതികളുണ്ടോ എന്ന് തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറിയതിനെ തുടര്‍ന്ന്, അടൂര്‍ ഡിവൈ.എസ്.പി ജി സന്തോഷ് കുമാറിന്റെ നിര്‍ദേശപ്രകാരം പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ മേനോട്ടത്തിലാണ് സംയുക്ത പരിശോധന നടന്നത്. എസ്.ഐ സി.വി.വിനോദ് കുമാര്‍, സി.പി.ഓമാരായ നിയാസ്, അര്‍ച്ചിത് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. പന്തളം പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
തിരുവല്ല ഭാഗത്ത് നിന്നും വന്ന കല്ലട ട്രാവല്‍സ് ബസ്സില്‍ യാത്ര ചെയ്ത പ്രതി കുളനട ഗായത്രി ഫ്യുവല്‍സ് പമ്പിനു സമീപം ഇറങ്ങി. ഇവിടെ കാത്തുനിന്ന ഡാന്‍സാഫ് സംഘം കൈയില്‍ ബാഗുമായി ഇറങ്ങിയ യുവാവിനെ പിന്തുടര്‍ന്നു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് പന്തളം പോലീസുമായി ചേര്‍ന്ന് പ്രതിയെ വളഞ്ഞു പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് പതറിയ യുവാവിന്റെ കൈയിലെ ബാഗ് പിടിച്ചുവാങ്ങി പരിശോധിച്ചു. ബാഗിന്റെ രണ്ടാമത്തെ സിബ്ബ് തുറന്നു പരിശോധിച്ചപ്പോള്‍ കാണപ്പെട്ട നാല് അറകളില്‍ രണ്ടാമത്തെതില്‍ കറുത്ത പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ചുറ്റിക്കെട്ടിയ നിലയില്‍ ഒരു പൊതി കണ്ടെത്തി. ഇതേപ്പറ്റി ചോദിച്ചപ്പോള്‍ ഇയാള്‍ ഒന്നും പറഞ്ഞില്ല.
ഇതിന്റെ ഉള്ളിലെ മറ്റൊരു പ്ലാസ്റ്റിക് കവര്‍ സെലോ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. തുറന്നു നോക്കിയപ്പോള്‍ മറ്റൊരു പൊതി സെല്ലോടേപ്പ് ചുറ്റി കാണുകയുമായിരുന്നു. ഇതില്‍ സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. ബംഗളൂരുവില്‍ നിന്നും ആവശ്യക്കാര്‍ക്ക് എത്തിച്ചതാണെന്നും മറ്റും ഇയാള്‍ പോലീസിനോട് സമ്മതിച്ചു. ബാഗിന്റെ മറ്റ് അറകളില്‍ നിന്നും മൊബൈല്‍ ഫോണ്‍, എട്ട് ചെറിയ സിറിഞ്ചുകള്‍ തുടങ്ങിയവ കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.