ന്യുഡല്‍ഹി: ഇന്ത്യന്‍ പൗരന്റെ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ഒരാളെ കേസില്‍ പ്രതിയാക്കി അറസ്റ്റു ചെയ്യാനുള്ള കാരണം എഴുതിനല്‍കണമെന്ന വ്യവസ്ഥ എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആരെയാണോ അറസ്റ്റ് ചെയ്യുന്നത് അവര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ത്തന്നെ കാരണം എഴുതി നല്‍കിയിരിക്കണം എന്നും കോടതി പറഞ്ഞു.

അറസ്റ്റിനുമുന്‍പ് കാരണം എഴുതിനല്‍കണമെന്ന നിബന്ധന കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) യുഎപിഎ കേസുകളില്‍ മാത്രമാണ് നിര്‍ബന്ധമാക്കിയിരുന്നത്. എന്നാലിത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങളിലും എടുക്കുന്ന കേസുകളില്‍ നിര്‍ബന്ധമാക്കിയാണ് വിധി. ഐപിസി/ബിഎന്‍എസ് പ്രകാരമുള്ള എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇനി നിബന്ധന ബാധകമാവും.

പ്രതിക്ക് മേല്‍ ചുമത്തിയ കുറ്റം അതത് സമയത്ത് തന്നെ എഴുതിനല്‍കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ വാക്കാല്‍ അറിയിക്കണം. അങ്ങിനെയുള്ള സാഹചര്യങ്ങളില്‍ റിമാന്‍ഡ് നടപടികള്‍ക്കായി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പ് തന്നെ കാരണം എഴുതിനല്‍കണം. ഇല്ലെങ്കില്‍ അറസ്റ്റും റിമാന്‍ഡും നിയമ വിരുദ്ധമാവു ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് വിധിയില്‍ വ്യക്തമാക്കി.

മുംബൈയില്‍ ആഡംബരക്കാറിടിച്ച് സ്‌കൂട്ടര്‍യാത്രികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ശിവസേനാ (ഷിന്ദേ വിഭാഗം) നേതാവ് രാജേഷ് ഷായുടെ മകന്‍ മിഹിര്‍ ഷായുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് കൂടി ഉള്‍പ്പെട്ട ബെഞ്ചിന്റെ വിധി. 2024 ജൂലായ് ഏഴിന് നടന്ന സംഭവത്തില്‍ അറസ്റ്റിലായ മിഹിര്‍ ഷായുടെ ഇടക്കാലജാമ്യം സുപ്രീംകോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു.

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരമുള്ള മുഴുവന്‍ കുറ്റങ്ങള്‍ക്കു പുതിയ വിധി ബാധകമാകും. കുറ്റം ഉടന്‍ എഴുതിനല്‍കാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ കാരണം വാക്കാല്‍ അറിയിക്കാം. എന്നാല്‍, റിമാന്‍ഡ് നടപടികള്‍ക്കായി മജിസ്ട്രേറ്റിനുമുന്നില്‍ ഹാജരാക്കുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പെങ്കിലും കാരണം എഴുതിനല്‍കണം.

'ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 22(1) പ്രകാരമുള്ള അറസ്റ്റിന്റെ കാരണങ്ങള്‍ അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിയെ അറിയിക്കണമെന്നത് വെറും ഔപചാരികതയല്ല, മറിച്ച് ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ മൗലികാവകാശങ്ങള്‍ എന്ന തലക്കെട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിര്‍ബന്ധിത ഭരണഘടനാ സംരക്ഷണമാണ്. അതിനാല്‍, ഒരു വ്യക്തിയെ അറസ്റ്റിന്റെ കാരണങ്ങള്‍ എത്രയും വേഗം അറിയിച്ചില്ലെങ്കില്‍, അത് അയാളുടെ മൗലികാവകാശങ്ങളുടെ ലംഘനത്തിന് തുല്യമാകും, അതുവഴി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള അയാളുടെ ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും കുറയ്ക്കുകയും അറസ്റ്റ് നിയമവിരുദ്ധമാക്കുകയും ചെയ്യും,'-സുപ്രീംകോടതി വിധിപ്രസ്താവത്തില്‍ വ്യക്തമാക്കി.