കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക് തിരിച്ചടി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് വിചാരണ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാബ് വിധി പറഞ്ഞത്. വിചാരണ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം അതിജീവിത ഉന്നയിച്ചിരുന്നു. എന്നാൽ, ഇടക്കാല ഉത്തരവില്ലെന്നും, അന്തിമ ഉത്തരവ് തന്നെ ഇന്ന് പറയാമെന്നുമായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്.

വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിന്റെ ഭർത്താവും ദിലീപും തമ്മിൽ അടുത്ത സൗഹൃദമാണെന്നും നീതിപൂർവ്വമായ വിചാരണ നടക്കില്ലെന്നുമായിരുന്നു അതിജീവിതയുടെ വാദം. പൊലീസിന് ലഭിച്ച വോയ്‌സ് ക്ലിപ്പുകളിൽ ഇത് സംബന്ധിച്ച തെളിവുകളുണ്ടെന്നും ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. ഹണി എം.വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും നീതിയുക്തവുമായ വിചാരണ ഉണ്ടാകില്ലെന്ന ആശങ്ക ഉണ്ടെന്നും അതിജീവിത കോടതിയിൽ വാദിച്ചിരുന്നു.

വീഡിയോ ദൃശ്യങ്ങളുടെ സീൻ അടങ്ങിയ വിവരണം, പ്രതിയുടെ സഹോദരന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നെന്നും ഇതിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടും ഒന്നും ജഡ്ജി ഒന്നും ചെയ്തില്ലെന്നായിരുന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയ ഒരു വിവരം. കൂടാതെ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം ജഡ്ജി നിരസിച്ചു. പ്രോസിക്യൂഷന്റെ പല ആവശ്യങ്ങളും അകാരണമായി ജഡ്ജി തള്ളുകയാണെന്നും അതിജീവിത ആരോപിച്ചിരുന്നു.

ജഡ്ജി ഹണി എം.വർഗീസ് പ്രത്യേക കോടതിയിൽ നിന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയി സ്ഥലം മാറിയപ്പോൾ കേസും ഇതേ കോടതിയിലേക്ക് മാറ്റി. അഡ്‌മിനിസ്‌ട്രേറ്റീവ് ഉത്തരവിലൂടെ കേസ് ഇത്തരത്തിൽ മാറ്റിയത് നിയമപരമല്ലെന്നുമായിരുന്നു വാദം. ഈ ആവശ്യങ്ങളുന്നയിച്ചാണ് വിചാരണ മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റണം എന്ന് അതിജീവിത ആവശ്യപ്പെട്ടത്. എന്നാൽ ജഡ്ജിനെതിരായ ആരോപണങ്ങൾ അടിസ്ഥാനം ഇല്ലാത്തതാണെന്ന് കോടതി വ്യക്തമാക്കി.

പ്രതിയും ജഡ്ജിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണവും കോടതി തള്ളി. 2019 ൽ പുറത്ത് വന്ന വോയിസ് ക്ലിപ്പിന് ആധികാരികത ഇല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാർ അവരുടെ ഡ്യൂട്ടി ചെയ്യട്ടെ, അതിൽ മാധ്യമങ്ങൾ ഇടപെടേണ്ടതില്ല എന്ന് വിധിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അതിജീവിതയുടെ അഭിഭാഷകൻ ഈ ആവശ്യം ഉന്നയിച്ചെങ്കിലും അത്തരത്തിൽ ഒരു കീഴ്‌വഴക്കം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഈ ആവശ്യം തള്ളിയത്.

വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജിയിൽ അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദംകേൾക്കൽ. ഓണാവധി സമയത്ത് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്റെ ബെഞ്ച് സ്പെഷ്യൽ സിറ്റിങ് നടത്തിയും വാദം കേട്ടിരുന്നു. വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസിൽ അതിജീവിത നേരത്തെ തന്നെ അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ഹൈക്കോടതി രജിസ്ട്രാർക്ക് പരാതിയും നൽകിയിരുന്നു.