ന്യൂഡൽഹി: സ്വവർഗ വിവാഹത്തിന് നിയമ സാധുത നൽകരുതെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സ്വവർഗരതിയും ഒരേ ലിംഗത്തിൽപ്പെടുന്നവർ പങ്കാളികളായി ഒരുമിച്ച് താമസിക്കുന്നതും ഭാരതീയ കുടുംബ സങ്കൽപ്പവുമായി താര്യതമ്യപ്പെടുത്താനാവില്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി. രാജ്യത്ത് സ്വവർഗവിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയെ എതിർത്താണ് കേന്ദ്രം സത്യവാങ്മൂലം സമർപ്പിച്ചത്.

ഭർത്താവ്, ഭാര്യ, അവരിൽ ഉണ്ടാകുന്ന കുട്ടികൾ എന്ന ഇന്ത്യൻ കുടുംബ കാഴ്ചപ്പാടിന് സമാനമല്ല സ്വവർഗ വിവാഹമെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തത്. സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹർജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബൊഞ്ചാണ് കേസ് പരിഗണിച്ചിരുന്നത്.

പുരുഷൻ ഭർത്താവായും സ്ത്രീ ഭാര്യയായുമുള്ള ഭാരതീയ കുടുംബ സങ്കൽപ്പത്തിൽ ഇവർക്കുണ്ടാകുന്ന കുഞ്ഞിന് പുരുഷൻ അച്ഛനും സ്ത്രീ അമ്മയുമാണ്. സ്വവർഗവിവാഹത്തെ ഇതുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എതിർ ലിംഗത്തിൽപെടുന്നവർ തമ്മിലുള്ള വിവാഹം എന്നതാണ് നിലവിലുള്ള വ്യവസ്ഥിതി. ഇതിനെ നിയമപരമായ ഇടപെടൽ കൊണ്ട് അസ്വസ്ഥമാക്കരുതെന്നു കേന്ദ്രം ആവശ്യപ്പെട്ടു.

സ്വവർഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകുന്നത് വലിയ സങ്കീർണ്ണതകൾക്ക് വഴിവച്ചേക്കും എന്നും കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒരേ ലിംഗത്തിൽപ്പെടുന്നവരുടെ വിവാഹം അംഗീകരിക്കുന്നതും, രജിസ്റ്റർ ചെയ്യുന്നതിനും അപ്പുറം ആണ് കുടുംബപരമായ വിഷയങ്ങൾ എന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്. സ്വവർഗ ബന്ധം ക്രിമിനൽ കുറ്റമല്ലെങ്കിലും, വിവാഹത്തിന് നിയമ സാധുത നൽകാൻ കഴിയില്ലെന്നാണ് കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.

ഒരേ ലിംഗത്തിൽപെടുന്നവർ തമ്മിലുള്ള വിവാഹത്തിനു സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം സാധുത നൽകണമെന്ന് ആവശ്യപ്പെട്ടു സ്വവർഗാനുരാഗികളായ രണ്ടു ദമ്പതികൾ നൽകിയ ഹർജികളിൽ നിലപാട് അറിയിക്കാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ദത്തെടുക്കൽ, വാടക ഗർഭധാരണം തുടങ്ങി ഒന്നിച്ചു ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതു വരെയുള്ള കാര്യങ്ങളെ ബാധിക്കുന്നതാണ് വിവാഹ രജിസ്റ്റ്രേഷൻ പ്രശ്നമെന്നാണു ഹർജിക്കാരുടെ വാദം. സ്പെഷൽ മാര്യേജ് ചട്ടം ലിംഗഭേദമില്ലാത്ത വിധത്തിൽ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ഭരണഘടനയുടെ സംരക്ഷണവും അവകാശങ്ങളും ലിംഗാടിസ്ഥാനത്തിൽ അല്ലെന്നും അവ ഭിന്നലിംഗക്കാരെയും സംരക്ഷിക്കുന്നതാണെന്നും ഹർജിയിലുണ്ട്.

സ്വവർഗബന്ധം ഉൾപ്പെടെ, പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമല്ലെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018ൽ ഏകകണ്ഠമായി വിധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പിൽ 'പ്രകൃതിവിരുദ്ധ' ലൈംഗികബന്ധത്തെ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയായിരുന്നു സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി. 158 വർഷമായി നിലവിലുള്ള വ്യവസ്ഥകളാണു കോടതി റദ്ദാക്കിയത്. എന്നാൽ സ്വവർഗവിവാഹം നിലവിൽ നിയമപരമല്ല. സ്വർവർഗ വിവാഹത്തെ എതിർത്ത് 2020ൽ കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിലും സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.