കൊച്ചി: ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് വിസിമാർക്ക് മറുപടി നൽകാനുള്ള സമയം ഹൈക്കോടതി നീട്ടി നൽകി. പുറത്താക്കാതിരിക്കാനുള്ള ഗവർണ്ണറുടെ കാരണം കാണിക്കൽ നോട്ടീസിന് തിങ്കളാഴ്ച വൈകിട്ട് 5ന് മുമ്പ് വിസിമാർ മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെയാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനക്ക് വന്നത്.

രാജി വെയ്ക്കണമെന്ന ഗവർണറുടെ നോട്ടീസ് നേരത്തെ റദ്ദാക്കിയിരുന്നതായി വൈസ് ചാൻസിലർമാർ അറിയിച്ചു. ആദ്യ നോട്ടീസ് റദ്ദാക്കിയതിനാൽ അത് അനുസരിച്ചില്ല എന്ന കാരണത്താൽ രണ്ടാമത് നോട്ടീസ് അയക്കാൻ ആകില്ല. വൈസ് ചാൻസലർ നിയമനത്തിൽ തെറ്റ് ഉണ്ടെങ്കിലും അത് തിരുത്താൻ ചാൻസലർക്ക് അധികാരമില്ലെന്നും വിസി മാർ വാദിച്ചു.

നിയമനത്തിൽ ക്രമക്കേട് ഉണ്ടെങ്കിൽ വിസിമാരുടെ നിയമനം നിലനിൽക്കില്ലെന്ന് കോടതി ഓർമിപ്പിച്ചു. സുപ്രീകോടതി വിധി പ്രാവർത്തികം ആക്കുക മാത്രമല്ലേ ചാൻസലർ ചെയ്തുള്ളൂ എന്ന് കോടതി ചോദിച്ചു.ചാൻസിലർക്ക് സുപ്രീം കോടതിയോട് മറുപടി പറയാൻ ബാധ്യസ്ഥത ഉണ്ട്. കോടതി വിധി പ്രകാരം ചാൻസലർക്കു ഇടപെടാമെന്നും ഹൈക്കോടതി പരാമർശിച്ചു. നോട്ടീസിന് രണ്ടു വിസിമാർ മറുപടി നൽകി എന്ന് ഗവർണറുടെ അഭിഭാഷകൻ അറിയിച്ചു.തുടർന്ന് തിങ്കളാഴ്ച വൈകിട്ട് 5നകം എല്ലാ വിസിമാരും ഗവർണർക്ക് വിശദീകരണം നൽകാൻ കോടതി നിർദ്ദേശിച്ചു. കേസ് ചെവ്വാഴ്ച പരിഗണിക്കാനായി മാറ്റി.

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസിന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. വി പി മഹാദേവൻ പിള്ള വ്യാഴാഴ്ച വിശദീകരണം നൽകിയിരുന്നു. ചട്ടപ്രകാരമാണ് വിസി സ്ഥാനത്ത് എത്തിയത്. വിസിയാകാനുള്ള യോഗ്യതകൾ തനിക്ക് ഉണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയ വിശദീകരണത്തിൽ ഡോ. വി പി മഹാദേവൻ പിള്ള പറഞ്ഞു. ഒക്ടോബർ 24 ന് ഡോ. വി പി മഹാദേവൻപിള്ള വിരമിച്ചിരുന്നു.

മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഗവർണറുടെ നടപടി നിയമപരമല്ലന്നാണ് ഹർജിക്കാർ പറയുന്നത്. എന്നാൽ ഗവർണറുടെ നോട്ടീസിന് മറുപടി നൽകുകയല്ലേ വേണ്ടത് എന്നായിരുന്നു ഹൈക്കോടതി കഴിഞ്ഞ ദിവസവും ഹർജിക്കാരോട് ചോദിച്ചത്. യുജിസി ചട്ടം പാലിക്കാതെയുള്ള നിയമനത്തിന്റെ പേരിൽ സാങ്കേതിക സർവ്വകലാശാല വൈസ് ചാൻസലറെ പുറത്താക്കിയ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഒമ്പത് വി സി.മാരോട് 24 മണിക്കൂറിനുള്ളിൽ ഗവർണർ രാജിവെയ്ക്കാൻ ആവശ്യപ്പെട്ടത്.

അതേസമയം ഗവർണറുടെ പുറത്താക്കൽ നടപടിക്കെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിൽ സർവകലാശാല നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചു. ഗവർണർ ആവശ്യപ്പെടുന്നത് സെർച്ച് കമ്മിറ്റിയിലേക്ക് ഒരു അംഗത്തെയാണ്. അതിന് പകരം ഗവർണർക്കെതിരെ പ്രമേയം പാസാക്കുകയാണ് സെനറ്റ് ചെയ്തത്. വിവാദം അവസാനിപ്പിക്കാൻ സർവകലാശാലയ്ക്ക് താൽപ്പര്യമില്ലെന്നും കോടതി വിമർശിച്ചിരുന്നു.