ന്യൂഡല്‍ഹി: കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി. സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത് സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും കോടതി വ്യക്തമാക്കി.

മഞ്ചേരിയിലെ എളാമ്പ്രയില്‍ എല്‍.പി. സ്‌കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ഈ നിര്‍ണായക നിര്‍ദേശം.

കരളത്തില്‍ എവിടെയെങ്കിലും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി. സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍.പി. സ്‌കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യു.പി. സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യു.പി. സ്‌കൂള്‍ സ്ഥാപിക്കണം.

മഞ്ചേരി എളാമ്പ്രയില്‍ എല്‍.പി. സ്‌കൂള്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. അനുകൂല നടപടിയില്ലാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സ്‌കൂള്‍ ഇല്ലെന്നും അതിനാല്‍ വിദ്യാഭ്യാസ സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.

എന്നാല്‍, എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയെന്നും അവിടെ സ്‌കൂളിന്റെ ആവശ്യമില്ലെന്നുമാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്. അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നും സര്‍ക്കാര്‍ നിലപാടെടുത്തു.

സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം:

സംസ്ഥാനത്തിന്റെ നിലപാടിനെതിരെ സുപ്രീം കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചു: 'നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. എന്തിനാണ് പുതിയ സ്‌കൂളിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത്? വിദ്യാഭ്യാസ മേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. തുടര്‍ന്ന്, എളാമ്പ്രയില്‍ അടിയന്തരമായി സ്‌കൂള്‍ സ്ഥാപിക്കണമെന്നും കോടതി നിര്‍ദേശിച്ചു.