- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എം ബഷീർ കേസിൽ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനിൽക്കും; വഫ ഫിറോസിനെ കേസിൽ നിന്നും ഒഴിവാക്കി; സെഷൻസ് കോടതി ഉത്തരവ് ഭാഗികമായി റദ്ദാക്കി ഹൈക്കോടതി; ശ്രീറാം വാഹനം ഓടിച്ചത് മദ്യപിച്ചതിന് ശേഷമെന്ന് കോടതി; സർക്കാർ നൽകിയ അപ്പീലിലെ വിധി ഐഎഎസുകാരന് കനത്ത പ്രഹരം
കൊച്ചി: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. അതേ സമയം രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കി. ഇവർക്കെതിരെ പ്രേരണാകുറ്റമായിരുന്നു ചുമത്തിയിരുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് ഉത്തരവ്. സർക്കാരിന്റെ റിവിഷൻ ഹർജി ഹൈക്കോടതി അംഗീകരിച്ചു.
തനിക്കെതിരായ നരഹത്യാ കുറ്റം നിലനിൽക്കില്ലെന്നായിരുന്നു ശ്രീറാമിന്റെ വാദം. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശമില്ലായിരുന്നെന്നും അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലെന്നും ശ്രീറാം കോടതിയെ അറിയിച്ചിരുന്നു. ഇതു സാധാരണ മോട്ടർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമായിരുന്നു ശ്രീറാമിന്റെ വാദം. അതിനാണ് ഇപ്പോൾ തിരിച്ചടി നേരിട്ടത്.
കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ഒഴിവാക്കരുതെന്ന് സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതികൾക്കെതിരായി മനപ്പൂർവമല്ലാത്ത നരഹത്യ ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലായിരുന്നു നടപടി. പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളിയെങ്കിലും നരഹത്യാകേസ് ഒഴിവാക്കുകയായിരുന്നു. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡിഷനൽ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്.
വാഹനാപകട കേസിൽ മാത്രം വിചാരണ നടത്താനായിരുന്നു കീഴ്ക്കോടതി ഉത്തരവ്. നേരത്തേ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചെങ്കിലും പ്രതിഷേധമുണ്ടായതോടെ സപ്ലൈകോ ജനറൽ മാനേജരാക്കി നിയമിച്ചിരുന്നു. പ്രതികളുടെ മനപ്പൂർവമല്ലാത്ത നരഹത്യാ കേസ് കോടതി ഒഴിവാക്കിയതിനു പിന്നാലെ സർക്കാർ അപ്പീൽ നൽകണം എന്ന ആവശ്യം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒന്നിനായിരുന്നു ശ്രീറാം സുഹൃത്ത് വഫയും സഞ്ചരിച്ച കാർ ഇടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ മരിച്ചത്. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 1.30 നാണ് തിരുവനന്തപുരം പബ്ലിക് ഓഫിസിനു സമീപം വെച്ച് സിറാജ് പത്രത്തിലെ മാധ്യമപ്രവർത്തകനായ കെ എം ബഷീർ ബൈക്കിൽ സഞ്ചരിക്കവെ ശ്രീറാം ഓടിച്ച വാഹനമിടിച്ച് കൊല്ലപ്പെട്ടത്. അപകടം നടക്കുമ്പോൾ മദ്യലഹരിയിലായിരുന്ന ശ്രീറാമിനൊപ്പം സുഹൃത്ത് വഫയുമുണ്ടായിരുന്നു. അമിത വേഗത്തിലെത്തിയ കാർ കെ എം ബഷീറിനെ ഇടിച്ചിട്ടശേഷം പബ്ലിക് ഓഫിസിന്റെ മതിലിൽ ഇടിച്ചാണ് നിന്നത്.
100 കിലോമീറ്ററിലേറെ വേഗത്തിൽ സഞ്ചരിച്ച കാറിടിച്ചാണ് അപകടം സംഭവിച്ചതെന്നും അമിത വേഗമാണ് അപകട കാരണമെന്നും കണ്ടെത്തിയിരുന്നു. മദ്യപിച്ചുള്ള വാഹനമോടിക്കലും തെളിവു നശിപ്പിക്കലും ഉൾപ്പടെ ചുമത്തി കഴിഞ്ഞ ഫെബ്രുവരിയിൽ കുറ്റപത്രം സമർപ്പിച്ചു. എന്നാൽ വിവിധ തടസവാദങ്ങൾ ഉന്നയിച്ച് കോടതി നടപടികൾ നീട്ടിക്കൊണ്ടുപോകുന്ന തന്ത്രമാണ് ശ്രീരാം വെങ്കിട്ടരാമൻ തുടർന്നത്. കേസിൽ പലവട്ടം നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും വിവിധ ഒഴിവുകൾ പറഞ്ഞ് മാറിപ്പോകുകയായിരുന്നു. ഹാജരാകണമെന്നു കർശന നിർദേശമെത്തിയപ്പോൾ സിസിടിവി ദൃശ്യങ്ങളുടെ പകർപ്പ് കോടതിയിൽ ആവശ്യപ്പെട്ടു.
കോടതിയിലെത്തി ഇവ പരിശോധിക്കാനായിരുന്നു സിജെഎമ്മിന്റെ നിർദ്ദേശം. കേസിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ശ്രീറാമിനെ സർക്കാർ സർവീസിൽ തിരിച്ചെടുത്ത് കോവിഡ് പ്രതിരോധത്തിന്റെ ചുമതല നൽകി. പിറകെ കോവിഡ് ഡാറ്റ മാനേജ്മെന്റ് ഓഫിസറായും നിയമിച്ചു. നരഹത്യ കേസിൽ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതിയായ വഫയും ഈ മാസം ഒൻപതിന് ഹാജരാകാൻ ഉത്തരവിട്ടിരിക്കുകയാണ് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി. ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് കേസ് സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവിട്ടത്.
അപകടം വരുത്തിയ ഉടൻ തന്നെ ശ്രീംരാമിന്റെ ഐഎഎസ് ബുദ്ധി കേസിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ തുടങ്ങിയിരുന്നു. ്രൈഡവിങ് സീറ്റിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമൻ പുറത്തേക്കിറങ്ങി അപകടം നടന്ന സ്ഥലത്തു നിന്നും ബഷീറിനെ റോഡിലേക്ക് മാറ്റിക്കിടത്തിയെന്നും ആ സമയം ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു. മദ്യലഹരിയിൽ വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് പോയത് പരിശോധന വൈകിപ്പിക്കാനും രക്തത്തിൽ മദ്യത്തിന്റെ അംശം കാണപ്പെടുന്നത് ഒഴിവാക്കാനുമായിരുന്നു. അതിനു പുറമെ കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന വഫ ആണെന്ന് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചും കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചു മ്യൂസിയം പൊലീസ് ഇതിന് കൂട്ടുനിന്നു.
പൊലീസുമായി ഒത്തുകളിച്ച് രക്തസാമ്പിൾ പരിശോധനക്ക് സമ്മതിക്കാതെ കിംസ് സ്വകാര്യ ആശുപത്രിയിലേക്ക് രക്ഷപ്പെട്ട ശ്രീരാമിന്റെ തന്ത്രം വിജയിച്ചു. അടുത്ത ദിവസം രാവിലെ ശ്രീറാമിന്റെ രക്തസാമ്പിൾ എടുത്തെങ്കിലും മണിക്കൂറുകൾ വൈകിയുള്ള രക്ത പരിശോധനയിൽ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ല. അതേ സമയം ശ്രീരാം മദ്യലഹരിയിലായിരുന്നു എന്ന് ആദ്യം പരിശോധിച്ച ഡോക്ടർ മൊഴി നൽകിയിരുന്നു. ഇതിനിടെ തന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കെ എൽ 01ബി എം 360 നമ്പർ വോക്സ് വാഗൺ കാർ ഓടിച്ചിരുന്നത് ശ്രീറാം ആണെന്ന് വഫ വ്യക്തമാക്കി. അതോടൊപ്പം ശക്തമായ സമ്മർദം ഉണ്ടായതിനെ തുടർന്നാണ് തിരുവനന്തപുരം ജ്യുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ വഫയെ ഹാജരാക്കി പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ഇതേതുടർന്ന് മറ്റൊരു വഴിയും ഇല്ലാതെ വന്നപോഴാണ്
മ്യൂസിയം പൊലീസ് ശ്രീരാമിനെ അറസ്റ്റ് ചെയ്തത്. മ്യൂസിയം പൊലീസ് പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് കേസന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ ഏൽപ്പിച്ചു. പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവു നശിപ്പിക്കാൻ ബോധപൂർവം നടത്തിയ ശ്രമങ്ങൾ അക്കമിട്ട് നിരത്തിയാണ് ആറു മാസത്തിനൊടുവിൽ അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. അപകടസമയത്ത് താനല്ല കാർ ഓടിച്ചിരുന്നതെന്നാണ് ശ്രീറാം അന്വേഷണ സംഘത്തിന് മുന്നിലും വകുപ്പ് തല അന്വേഷണ സമിതിക്ക് മുന്നിലും മൊഴി നൽകിയിരുന്നത്. ഇതെല്ലാം ഖണ്ഡിക്കുന്നതായിരുന്നു കുറ്റപത്രത്തിലെ ശാസ്ത്രീയമായ കണ്ടെത്തലുകൾ.
കാറിന്റെ അമിത വേഗതയും അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുമുള്ള വസ്തുതയും ശാസ്ത്രീയമായ തെളിവുകൾ നിരത്തിയാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ബഷീറിന്റെ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുന്ന സമയത്ത് ശ്രീറാം ്രൈഡവ് ചെയ്തിരുന്ന ഫോക്സ് വാഗൺ വെന്റോ കാർ സഞ്ചരിച്ചിരുന്നത് 100 കിലോമീറ്ററിലേറെ വേഗതയിലായിരുന്നുവെന്ന കണ്ടെത്തലാണ് കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതിനിടെ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുക്കണമെന്ന് ശിപാർശ ചെയ്തു കൊണ്ട് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു.
എന്നാൽ ഇതിനെതിരെ സിറാജ് മാനേജ്മെന്റും കേരള പത്രപ്രവർത്തക യൂണിയനും മുഖ്യമന്ത്രിയെ നേരിൽ കണ്ട് പ്രതിഷേധം അറിയിച്ചു. ഇതേത്തുടർന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് തള്ളി ശ്രീറാം വെങ്കിട്ടരാമന്റെ സസ്പെൻഷൻ കാലാവധി മൂന്ന് മാസത്തേക്ക് കൂടി നീട്ടി. 2020 ഫെബ്രുവരി ഒന്നിന് ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കിയും വഫയെ രണ്ടാം പ്രതിയാക്കിയും അന്വേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ