- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനല്‍ ചര്‍ച്ചയിലെ വിവാദം പരാമര്‍ശം കുരുക്കായി; വിദ്വേഷ പ്രസംഗ കേസില്‍ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈകോടതി തള്ളി; പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം അംഗീകരിക്കാതെ കോടതി
പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഹൈകോടതി തള്ളി
കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന് മുന്‍കൂര്‍ ജാമ്യമില്ല. പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതിയും തള്ളി. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഹരജി തള്ളിയത്. നേരത്തെ കോട്ടയം സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യ ഹരജി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്.
ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നുവെന്നും ഇത് ഏറെ ഗൗരവമുള്ള വിഷയമാണെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രകോപനമുണ്ടായപ്പോഴാണ് അധിക്ഷേപ പ്രയോഗം നടത്തിയതെന്ന വാദം ഹൈകോടതിയും മജിസ്‌ട്രേറ്റ് കോടതികളും നല്‍കിയ ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിന് ന്യായീകരണമല്ല. സമാന കേസില്‍ മുമ്പ് ജാമ്യം അനുവദിച്ചപ്പോള്‍, പ്രസ്താവനകളില്‍ ജാഗ്രത വേണമെന്ന് ഹൈകോടതി ഓര്‍മിപ്പിച്ചിരുന്നതാണ്. എന്നാല്‍, അതടക്കം ഉത്തരവുകള്‍ നിരന്തരം ലംഘിക്കുകയാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ വാക്കാല്‍ പറഞ്ഞു.
ചാനല്‍ ചര്‍ച്ചയില്‍ മുസ്‌ലിംവിരുദ്ധ പ്രസ്താവനകള്‍ നടത്തിയതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ജാമ്യ ഹരജിയിലാണ് കോടതിയുടെ വാക്കാല്‍ നിരീക്ഷണം. ജോര്‍ജിന്റെ പരാമര്‍ശത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്.
മുസ്‌ലിം ലീഗ് പ്രതിനിധി പ്രകോപിപ്പിച്ചതിനെത്തുടര്‍ന്ന് മറുപടി നല്‍കിയപ്പോള്‍ സംഭവിച്ച നാക്കുപിഴയാണിതെന്നും ബോധപൂര്‍വമല്ലെന്നുമാണ് ഹരജിക്കാരന്റെ വാദം. അബദ്ധം തിരിച്ചറിഞ്ഞപ്പോള്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞതായും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍, ഒരബദ്ധമല്ല, നിരന്തരം അബദ്ധങ്ങള്‍ ആവര്‍ത്തിക്കുകയാണ് ഹരജിക്കാരനെന്ന് കോടതി വിമര്‍ശിച്ചു. 40 വര്‍ഷം എം.എല്‍.എയായിരുന്ന ജോര്‍ജ് സാധാരണക്കാരനല്ല. മുമ്പ് ജാമ്യം നല്‍കിയ ഉത്തരവില്‍ അധിക്ഷേപകരമായി പ്രസംഗിക്കുകയോ പ്രസ്താവന നടത്തുകയോ ചെയ്യരുതെന്നാണ് വ്യവസ്ഥയുള്ളതെന്നും ചാനല്‍ ചര്‍ച്ചയിലാണ് അബദ്ധം സംഭവിച്ചതെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ചാനല്‍ ചര്‍ച്ചകള്‍ ലക്ഷങ്ങളാണ് കാണുന്നതെന്ന് കോടതി പ്രതികരിച്ചപ്പോള്‍ ലക്ഷങ്ങള്‍ കാണുന്നവിധം മാപ്പുപറഞ്ഞതായി ഹരജിക്കാരനും മറുപടി നല്‍കി.
ജോര്‍ജിന്റേത് വിദ്വേഷപരാമര്‍ശമാണെന്നും സമാനമായ മറ്റു കേസുകളുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു. മുമ്പ് നാലുതവണ സമാന അധിക്ഷേപ പരാമര്‍ശത്തിന്റെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലെ വിശദാംശങ്ങളും ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങളും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വായിച്ചു. മുമ്പ് നടത്തിയ പരാമര്‍ശത്തിന് ഒരുദിവസം ജയിലില്‍ കഴിഞ്ഞതാണെന്നും ഹരജിക്കാരന്റെ പ്രായം കണക്കിലെടുക്കണമെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതോടെ കോടതി ഉത്തരവുകളുടെ ലംഘനം നിസ്സാരമായി കാണാനാവില്ലെന്നും ഹരജിക്കാരന്‍ പൊലീസില്‍ കീഴടങ്ങുന്നതാണ് ഉചിതമെന്നും കോടതി വ്യക്തമാക്കുകയാിരുന്നു.