സ്വപ്ന സുരേഷിന് തിരിച്ചടി? വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ നിര്‍ണായക നീക്കം; തന്നെ മാപ്പുസാക്ഷി ആക്കണമെന്ന് രണ്ടാം പ്രതി സച്ചിന് ദാസിന്റെ ഹര്‍ജി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി ലഭിക്കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന കേസില്‍ തന്നെ് മാപ്പുസാക്ഷിയാക്കണമെന്ന് രണ്ടാം പ്രതിയുടെ ഹര്‍ജി. കേസില്‍ കൂടുതല്‍ കാര്യങ്ങളറിയാവുന്ന തന്നെ മാപ്പു സാക്ഷിയാക്കണമെന്നാണ് അപേക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ഹര്‍ജിയില്‍ ഓഗസ്റ്റ് 16 ന് വാദം ബോധിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശ്രീലക്ഷ്മിയുടേതാണുത്തരവ്. സ്വപ്നയ്ക്ക് വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയെന്ന രണ്ടാം പ്രതി അമൃത്സര്‍ സ്വദേശി സച്ചിന്‍ദാസ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. അതേ സമയം കന്റോണ്‍മെന്റ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ച ഈ കേസില്‍ എം. ശിവശങ്കറിനെ പ്രതി ചേര്‍ത്തിട്ടില്ല.
മഹാരാഷ്ട്രയിലെ ഡോ. ബാബാസാഹേബ് അബേദ്കര് ടെക്നോജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ടി.എല്ലില്‍ സ്വപ്ന ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ജോലി തരപ്പെടുത്തിയത്. സ്വര്‍ണക്കടത്ത് കേസ് പുറത്തുവന്നതിന് പിന്നാലെ സ്വപ്നയുടെ ബിരുദത്തെ സംബന്ധിച്ച് സംശയം തോന്നിയ സര്‍ക്കാര്‍ ബിരുദം വ്യാജമാണോ എന്നന്വേഷിക്കാന്‍ കെ.എസ്.ഐ.ടി.എല്ലിനോട് ആവശ്യപ്പെടുകയായിരുന്നു.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് നല്കിയ ഉപകരാര്‍ ഉപയോഗിച്ച് വിഷന്‍ ടെക്നോജീസിന്റെ ജീവനക്കാരിയായിട്ടാണ് സ്വപ്ന സുരേഷ് കെ.എസ്.ഐ.ടി.എല്ലില്‍ ജോലി ചെയ്തു വന്നിരുന്നത്. ഈ വര്‍ഷം ജൂലൈ 20ന് ഡോ. ബാബാസാഹേബ് അബേദ്കര് ടെക്നോജിക്കല്‍ യൂണിവേഴ്സിറ്റിയുടെ രജിസ്ട്രാര്‍ ഇത്തരം ഒരു ഡിഗ്രി തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് കണ്ടോണ്മെന്റ് പൊലീസിനെ ഇ- മെയിലൂടെ അറിയിച്ചു.
മാത്രമല്ല ഈ യൂണിവേഴ്സിറ്റിയില്‍ കോമേഴ്സ് കോഴ്സ് നടത്തുന്നില്ലെന്നും സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന രജിസ്ട്രര്‍ നമ്പരും റോള്‍ നമ്പരും യൂണിവേഴ്സിറ്റി പ്രിന്റ് ചെയ്ത് നല്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഫോര്‍മാറ്റിലുളളതല്ലെന്നും അറിയിച്ചിട്ടുണ്ട്.
ആ വര്‍ഷമോ അതിന് അടുത്ത വര്‍ഷങ്ങളിലോ സ്വപ്ന സുരേഷ് എന്ന പേരില്‍ ഒരു വിദ്യാര്‍ഥി ഈ യൂണിവേഴ്സിറ്റിയില്‍ പഠിച്ചിട്ടില്ലെന്നും പൊലീസിനെ രേഖാമൂലം അറിയിച്ചു. സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റിലെ സീരിയല്‍ നമ്പര്‍ 104686 ഫോര്‍മാറ്റ് യൂണിവേഴ്സിറ്റിയുടേതിന് തതുല്യമല്ലെന്നും രജിസ്ട്രാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റിയുടെ കണ്ട്രോളര് ഓഫ് എക്സാമിനേഷന് യോഗേഷ് പാട്ടീല്‍ ഇതേ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.
ഇടനിലക്കാരനായ രാജേന്ദ്രന് തന്റെ അക്കൗണ്ടില്‍ നിന്ന് 32,000 രൂപ പ്രതിയുടെ അമൃത്സറിലെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചതിനെ കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. സച്ചിന് ദാസിന്റെ പഞ്ചാബിലെ വസതി പരിശോധിച്ച് കേസിന് ആവശ്യമായ തെളിവുകള്‍ പൊലീസ് ശേഖരിച്ചു. സച്ചിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് മരവിപ്പിച്ചിരിക്കുകയാണ്.
സച്ചിന് ദാസ്, ദീക്ഷിത് മെഹറ എന്നിവര്‍ ചേര്‍ന്നാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചിരിക്കുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച ശേഷം അത് രാജേന്ദ്രന് കൈപ്പറ്റുകയും പിന്നീട് അത് സ്വപ്ന അഭിമുഖത്തിന്റെ സമയത്ത് കെ.എസ്.ഐ.ടി.എല്ലില്‍ സമര്‍പ്പിക്കുകയുമാണ് ചെയ്തത്.
സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ സ്വപ്ന സുരേഷ് നശിപ്പിച്ച് കളഞ്ഞെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സ്വപ്നയ്ക്കെതിരെ ഐ.പി.സി 201 കൂടി ചുമത്തിയിട്ടുണ്ട്. സ്വപ്ന സുരേഷ് കെ.എസ്.ഐ.ടി.എല്ലില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയില്‍ ജോലി തരപ്പെടുത്തിയത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണെന്നും അത് നിര്‍മിച്ച് നല്‍കിയത് സച്ചിന്‍ദാസ് ആണെന്നും കുറ്റപത്രത്തില്‍ പറയുന്നു. നിരവധി സാക്ഷി മൊഴികളും, രഹസ്യമൊഴികളും പല സ്ഥലങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം.