കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു.രാജസ്ഥാന്‍ സ്വദേശിയായ സൗരഭിന്റെ മകന്‍ റിതന്‍ ജാജുവാണ് മരിച്ചത്. ജയ്പൂരില്‍ നിന്നും രാവിലെ 11.30നു ലാന്‍ഡ് ചെയ്ത വിമാനത്തിലായിരുന്നു ഇവരുണ്ടായിരുന്നത്.

രക്ഷിതാക്കള്‍ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു. ഡൊമസ്റ്റിക് അറൈവല്‍ ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ടെര്‍മിനലിന് മുന്നില്‍ പൂന്തോട്ടം ഉള്‍പ്പെടെ ഒരുക്കിയ ഭാഗത്താണ് ഓട തുറന്നുകിടന്നിരുന്നത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഓടയിലെ മലിനജനത്തില്‍ വീണതായി കണ്ടെത്തിയത്.

കുട്ടിയെ 12.50ഓടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുമ്പോഴേ ബിപിയും പള്‍സും തീരെ ഇല്ലാത്ത അവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.