മോസ്‌കോ: റഷ്യയില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. കാംചത്ക മേഖലയില്‍ ഭൂമിയില്‍ 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമുണ്ടായത്. ഭൂകമ്പ സാധ്യതയുള്ള മേഖലയാണ് കാംചത്ക. കഴിഞ്ഞ മാസമാണ് മേഖലയില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. അന്ന് റഷ്യയ്ക്കു പുറമേ യുഎസ്, ജപ്പാന്‍, ചിലി എന്നിവിടങ്ങളില്‍ സുനാമി മുന്നിറിയിപ്പ് നല്‍കിയിരുന്നു.

ഒരു മാസം മുന്‍പ് ഇവിടെയുണ്ടായ 8.8 തീവ്രതയുള്ള ഭൂകമ്പം, റഷ്യയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ആറാമത്തെ ഏറ്റവും വലിയ ഭൂകമ്പമാണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കിയിരുന്നു. ഭൂകമ്പത്തെ തുടര്‍ന്ന് റഷ്യയിലെ സെവേറോ-കുറില്‍സ്‌ക് മേഖലയില്‍ സുനാമി തിരകള്‍ എത്തിയിരുന്നു. വടക്കന്‍ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിലും സുനാമി തിരകള്‍ എത്തിയതോടെ ഫുകുഷിമ ആണവ നിലയത്തിലെ ജീവനക്കാരെ അന്ന് ഒഴിപ്പിച്ചിരുന്നു.