തിരുവനന്തപുരം: കോവളം സ്വദേശിയായ പാചക തൊഴിലാളിയുടെ ദുരൂഹ മരണത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നെടുമംഗലം പറമ്പിൽ വീട്ടിൽ രാജേന്ദ്രൻ (60) ആണ് നെടുമംഗലത്തെ സഹോദരിയുടെ വീടിന്റെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിറ്റിയിലെ ഒരു ഹോട്ടലിലെ പാചകക്കാരനായിരുന്നു മരിച്ചയാൾ.

ഈമാസം 17-നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന സംശയങ്ങൾക്ക് ബലം നൽകിയത്. കഴുത്തിൽ പുറത്തുനിന്നുള്ള ബലപ്രയോഗം നടന്നിരിക്കാമെന്ന് ഡോക്ടർ സംശയം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. ഇതിനോടകം ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. കസ്റ്റഡിയിലായയാളെ ഫോറൻസിക് പരിശോധനയ്ക്ക് വിധേയനാക്കിയിട്ടുണ്ട്. ഇതിനുപുറമെ, ബന്ധുക്കളടക്കം നിരവധിപേരെ ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. ഭാര്യയുമായി വർഷങ്ങളായി അകന്നു താമസിക്കുകയായിരുന്നു രാജേന്ദ്രനെങ്കിലും മകനെ കാണാറുണ്ടായിരുന്നു.

കഴുത്തിലെ മുറിവുകളാണ് മരണത്തിലേക്ക് നയിച്ചതെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.