ആലപ്പുഴ: ആലപ്പുഴ നൂറനാട് മീൻ പിടിക്കാൻ പോയ യുവാവ് ഷോക്കേറ്റ് മരിച്ചു. പാലമേൽ സ്വദേശി രാഹുൽ രാജാണ് മരിച്ചത്. 32 വയസായിരുന്നു. സ്ഥലത്ത് പന്നി ശല്യം രൂക്ഷമായിരുന്നതിനാൽ കൃഷി സംരക്ഷണത്തിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഈ ഇരുമ്പുവേലിയിൽ നിന്നും ഷോക്കേറ്റതായാണ് പ്രാഥമിക വിവരം.

തിങ്കളാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാൻ പോകവെയായിരുന്നു അപകടമുണ്ടായത്. ഇതിനിടെ പന്നിയെ പിടിക്കാനായി സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയിൽ നിന്ന് ഷോക്ക് ഏൽക്കുകയായിരുന്നു.

അനധികൃതമായാണ് ഈ ഇരുമ്പുവേലികൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ നൂറനാട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയാണ്.

രാഹുലിനെ ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിലാണ് ഷോക്കേറ്റ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ രാഹുലിന്റെ മരണം സ്ഥിരീകരിച്ചു. ഹിറ്റാച്ചി ഡ്രൈവറാണ് രാഹുൽരാജ്.