- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ അനുമതി നല്കിയ നടപടി; റെഗുലേറ്ററി കമ്മീഷന്റെ ഓഫീസ് ഉപരോധിച്ച് ആം ആദ്മി പാർട്ടി
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി റെഗുലേറ്ററി കമ്മീഷന്റെ ഓഫീസ് ഉപരോധിച്ചു. പ്രതിഷേധ മാർച്ചിൽ ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വിൽസൺ ഉൾപ്പെടെ നാൽപതോളം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ശേഷം ജാമ്യം നൽകി വിട്ടയച്ചു.
പൊതു തെളിവെടുപ്പ് പ്രഹസനം നടത്തി ജനങ്ങളെ വഞ്ചിച്ച റെഗുലേറ്ററി കമ്മീഷൻ അതിനു വേണ്ടി ചിലവാക്കിയ തുക ഖജനാവിലേക്ക് തിരിച്ചടക്കണമെന്നും, നിരക്ക് വർദ്ധനവിന്റെ ശുപാർശ പിൻവലിച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും വിനോദ് മാത്യു പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പൊതു തെളിവെടുപ്പ് യോഗം നടത്താതെ നാല് ജില്ലകളില്‍ മാത്രം തെളിവെടുപ്പ് യോഗങ്ങള്‍ നടത്തിയ ശേഷം പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ തള്ളിക്കളഞ്ഞതിലാണ് പ്രതിഷേധം.
ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ രണ്ടു തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത്. 2022 ജൂണ്‍ 26നും 2023 നവംബര്‍ 1നുമാണ് നിരക്ക് വര്‍ധന നടപ്പാക്കിയത്. 0-40 പ്രതിമാസ ഉപയോഗമുള്ള ബിപിഎല്‍ വിഭാഗത്തെ വര്‍ധനവില്‍നിന്ന് ഒഴിവാക്കിയിരുന്നു. ബാക്കി യൂണിറ്റുകള്‍ രണ്ടു തവണയായി 10 പൈസ മുതല്‍ 90 പൈസ വരെ വര്‍ധിപ്പിച്ചിരുന്നു.
ഇതിനു പുറമേയാണു പുതിയ നിരക്കു വര്‍ധനയ്ക്കുള്ള ശുപാര്‍ശ നടപ്പാക്കാന്‍ പോകുന്നത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 0-50 യൂണിറ്റിന് 3.15 രൂപയായിരുന്നു നിരക്ക്. ഇപ്പോള്‍ ഇത് 3.25 രൂപയാണ്. ഇത് 2024-25ല്‍ 3.35 ആയും അടുത്ത വര്‍ഷം 3.50 രൂപയായും വര്‍ധിപ്പിക്കണമെന്നാണു ശുപാര്‍ശ.
ഒക്ടോബര്‍ അവസാനവാരം 2024-25 വര്‍ഷത്തെ പുതുക്കിയ വൈദ്യുതി നിരക്ക് പ്രഖ്യാപിച്ച് നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യം നല്‍കാനായിരുന്നു റെഗുലേറ്ററി കമ്മീഷന്റെ തയ്യാറെടുപ്പ്. അതിനിടെയാണ് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നത്.
തിരഞ്ഞെടുപ്പിനിടെ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നുള്ളത് കൊണ്ടു തന്നെ ഈ ഘട്ടത്തില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം റെഗുലേറ്ററി കമ്മീഷന്‍ മുന്നോട്ട് വെച്ചാലും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കില്ല.
കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത് ശരാശരി 4.45% നിരക്കുവര്‍ധനയാണ്. ഇതുകൂടാതെ വേനല്‍ക്കാലത്തെ ഉയര്‍ന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി സമ്മര്‍ താരിഫ് എന്ന നിര്‍ദേശവും ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് 10 പൈസ സമ്മര്‍ താരിഫായി ഈടാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെടുന്നു.