തിരുവനന്തപുരം: നെടുമങ്ങാടിന് സമീപം പഴകുറ്റിയിൽ ഞായറാഴ്ച വൈകുന്നേരം അമിത വേഗതയിലെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആനാട് താഴേ പുനവക്കുന്ന് റോഡരികത്തു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (40) ആണ് മരിച്ചത്. അപകടത്തിൽ ഹസീനയുടെ മക്കളായ ഷംന (16), റംസാന (7) എന്നിവർക്ക് പരിക്കേറ്റു.

ഞായറാഴ്ച വൈകുന്നേരം മകൾ റംസാനയെ ആശുപത്രിയിൽ കാണിച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. പഴകുറ്റിയിലെ ഒരു പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ചശേഷം റോഡിലേക്ക് പ്രവേശിക്കുമ്പോൾ പാലോട് ഭാഗത്തുനിന്ന് അമിത വേഗതയിലെത്തിയ കാർ ഇവരുടെ സ്കൂട്ടറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹസീനയും മക്കളും തെറിച്ചുവീണു.

ഗുരുതരമായി പരിക്കേറ്റ ഹസീനയെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മക്കളായ ഷംനയുടെയും റംസാനയുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.

കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നെടുമങ്ങാട് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഹസീനയുടെ മൃതദേഹം നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭർത്താവ് ബാദുഷ വിദേശത്താണ്.