കോഴിക്കോട്: ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ബന്ധുവിനെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്ന കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. രാമനാട്ടുകരയിലാണ് സംഭവം. പരിക്കേറ്റവരിൽ മൂന്നു കുട്ടികളും ഉൾപ്പെടുന്നു.

കാക്കൂർ കാവടിക്കൽ സ്വദേശികളായ സൈനബ (55), ജമീല (50), നജ ഫാത്തിമ (21), ലാമിയ (18), നൈദ (4), അമീർ (5), റവാഹ് (8), സിനാൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന ബസ്സ് ശ്രദ്ധയിൽപ്പെടാതെ ഡ്രൈവർ കാർ ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ബന്ധുവിനെ വിമാനത്താവളത്തിൽ സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.