- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയന്ത്രണം വിട്ട ആംബുലൻസ് കുടിവെള്ള ടാങ്കർ ലോറിയിൽ ഇടിച്ച് മറിഞ്ഞു; രോഗി മരിച്ചു; അപകടത്തിൽ നാല് പേർക്ക് പരിക്ക്
ആലുവ: കുടിവെള്ള ടാങ്കർ ലോറിയിൽ ഇടിച്ച് മറിഞ്ഞ ആംബുലൻസിലുണ്ടായിരുന്ന വയോധികനായ രോഗി മരിച്ചു. കാലടി മരോട്ടിച്ചോട് വാളാഞ്ചേരി സ്വദേശിയായ എസ്തപ്പാൻ (69) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ 1.30ഓടെ പുളിഞ്ചോട്ടിലാണ് അപകടം നടന്നത്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു.
ന്യൂമോണിയയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ച് ദിവസം മുൻപ് എസ്തപ്പാനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗം മാറാതിരുന്നതിനാൽ വിദഗ്ധ ചികിത്സക്കായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട ആംബുലൻസ് കുടിവെള്ള ടാങ്കർ ലോറിയിൽ ഇടിച്ച് റോഡിലേയ്ക്ക് മറിയുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേർന്നാണ് ആംബുലൻസ് ഉയർത്തി രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റ നാല് പേരെയും പൊലീസ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും എസ്തപ്പാൻ വൈകുന്നേരം മൂന്ന് മണിയോടെ മരിക്കുകയായിരുന്നു.
അപകടത്തിൽ ഒപ്പമുണ്ടായിരുന്ന എസ്തപ്പാന്റെ മകൾ പ്രീതിയ്ക്കും പരിക്കേറ്റിട്ടുണ്ട്. പ്രീതിയുടെ തലയിലുണ്ടായ പരിക്കിൽ ആറ് തുന്നലുണ്ട്. എസ്തപ്പാന്റെ ഭാര്യ റോസി, സഹോദരൻ വർഗീസ്, ആംബുലൻസ് ജീവനക്കാരൻ അതുൽ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. യുകെയിൽ നഴ്‌സാണ് പ്രീതി. മറ്റൊരു മകൾ പ്രിന്‍സി. മരുമക്കൾ: സോജൻ, ലിന്റോ. എസ്തപ്പാന്റെ സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം നാല് മണിക്ക് മറ്റൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ നടക്കും.




