അങ്കമാലി: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ അമിതവേഗതയിലെത്തിയ കാർ ഇടിച്ചു തെറിച്ച് വീണ വീട്ടമ്മ മരിച്ചു. അപകടത്തിൽ ഭർത്താവിന് ഗുരുതര പരിക്കേറ്റു. അങ്കമാലി കറുകുറ്റി പന്തക്കൽ മരങ്ങാടം പൈനാടത്ത് വീട്ടിൽ തൊമ്മൻ ജോൺസന്റെ ഭാര്യ റീത്ത (50) ആണ് മരിച്ചത്. പരിക്കേറ്റ ജോൺസനെ അങ്കമാലി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകിട്ട് 4.15 ഓടെ കറുകുറ്റി അഡ്ലക്സ് കൺവെൻഷൻ സെന്ററിനു സമീപമാണ് അപകടം നടന്നത്. റീത്തയുടെ വീട്ടിൽ പോയി മരങ്ങാടത്തുള്ള ജോൺസന്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെ, അഡ്ലക്സിന് സമീപത്തെ സർവീസ് റോഡിലൂടെ വരികയായിരുന്ന സ്കൂട്ടർ ദേശീയപാതയിലേക്ക് യു ടേണിലൂടെ പ്രവേശിക്കുന്നതിനിടെ പിന്നിൽ നിന്ന് അമിതവേഗതയിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. റീത്തയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും റീത്ത മരണം സംഭവിച്ചിരുന്നു. പാറക്കടവ് മാമ്പ്ര ചെമ്പൻ കുടുംബാംഗം പൗലോസിന്റെ മകളാണ് റീത്ത. അനില (നഴ്സ്, അപ്പോളോ ആശുപത്രി, അങ്കമാലി), ജിയ എന്നിവരാണ് മക്കൾ.