തുറവൂർ: ദേശീയപാതയിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്കിൽ നിന്ന് തെറിച്ചു വീണ 12 വയസ്സുകാരൻ ദാരുണാന്ത്യം. അച്ഛനും സഹോദരനുമൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വയലാർ സ്വദേശി ശബരീശൻ അയ്യൻ (12) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കുട്ടിയുടെ അച്ഛനും സഹോദരനും ആശുപത്രിയിൽ ചികിത്സയിലാണ്.

ഇന്ന് രാവിലെ എട്ടരയോടെ തുറവൂർ പത്മാക്ഷി കവലയ്ക്ക് സമീപമാണ് അപകടം നടന്നത്. വയലാർ കൊല്ലപ്പള്ളി പള്ളിപ്പാട് നിഷാദിന്റെ മകനായ ശബരീശൻ അയ്യൻ, അച്ഛൻ നിഷാദ്, സഹോദരൻ എന്നിവർ ഒരുമിച്ച് ബൈക്കിൽ തുറവൂരിലേക്ക് പോകുകയായിരുന്നു. ഈ സമയം എതിരെ വന്ന സ്വകാര്യ ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു.

പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന ശബരീശൻ അയ്യൻ ബൈക്കിൽ നിന്ന് തെറിച്ചു താഴെ വീഴുകയും, അതേ ബസ്സിൻ്റെ പിൻചക്രങ്ങൾക്കടിയിൽപ്പെടുകയുമായിരുന്നു. തലശ്ശേരിഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സ് നിർത്താതെ മുന്നോട്ട് പോയി.