തൃശൂർ: വാൽപ്പാറ വാട്ടർഫാൾ ടൈഗർ പ്ലൈസ് എസ്റ്റേറ്റിന് സമീപം തമിഴ്നാട് ആർടിസിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ ഞെട്ടലോടെ മാതാപിതാക്കൾ. തായ്മുടി സ്വദേശി സുദർശൻ (20) ആണ് മരിച്ചത്. തായ്മുടി എസ്റ്റേറ്റ് തൊഴിലാളികളായ അച്ഛനെയും അമ്മയെയും കണ്ട് സുദർശൻ ജോലിസ്ഥലത്തേക്ക് മടങ്ങവേയാണ് ദാരുണമായ സംഭവമുണ്ടായത്.

ഒപ്പം സഞ്ചരിച്ച സുഹൃത്ത് നവീനെ പൊള്ളാച്ചി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്. സുദർശനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിൽ തമിഴ്നാട് ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സുദർശൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.