തിരുവനന്തപുരം: വര്‍ക്കലയില്‍ ജോലികഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് മരിച്ചു. ചെറുന്നിയൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി ചെറുന്നിയൂര്‍ കാറാത്തല ചാണിക്കല്‍ ബൈജു ഭവനില്‍ ബാബുവിന്റെ ഭാര്യ ശാന്ത (72) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ ആയിരുന്നു ദാരുണമായ സംഭവം.

വര്‍ക്കല പാലച്ചിറ ജുമാ മസ്ജിദിന് സമീപം കൊച്ചുതെങ്ങുവിള റോഡരികില്‍ ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു ശാന്ത. ഇതിനിടെയാണ് നിയന്ത്രണം തെറ്റി അതിവേഗത്തിലെത്തിയ കാര്‍ ഇടിച്ചത്. ഉടന്‍തന്നെ നാട്ടുകാര്‍ ശാന്തയെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം ഭാഗത്ത് നിന്നും ചെറുന്നിയൂരിലെ ബന്ധുവീട്ടിലേക്ക് എത്തിയവരുടെ കാറാണ് അപകടമുണ്ടാക്കിയത്. ശാന്തയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. മക്കള്‍: ബൈജു, ശാലിനി.