ഇടുക്കി: ദീപാവലി ആഘോഷ ലഹരിയിൽ റോഡിൽ അമിത വേഗതയിൽ പാഞ്ഞ മൂന്ന് യുവാക്കൾക്ക് ജീവൻ നഷ്ടമായി. റോഡിൽ കുതിച്ചെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ മൂന്നു യുവാക്കൾ മരിച്ചു. രണ്ടു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയാണ്.

അപകടത്തിൽ തലയ്ക്ക് വളരെ ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ ലിംഗേശ്വരൻ (24), സഞ്ജയ് (22), കേശവൻ (24) എന്നിവർ സംഭവം സ്ഥലത്തു വച്ചു തന്നെ മരിക്കുകയായിരുന്നു. എല്ലാം മതിമറന്ന് ദീപാവലി ആഘോഷിക്കുന്നതിനിടെയാണ് യുവാക്കൾ അപകടത്തിൽപ്പെട്ടത്.

ഗുരുതരമായി പരിക്കേറ്റ ഗൂഡല്ലൂർ സ്വദേശികളായ മോനിഷ് (22), സേവക് (22) എന്നിവരാണ് ഗുരുതര പരിക്കുകളോടെ കമ്പത്ത് സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. യുവാക്കളുടെ അമിത വേഗതയാണ് അപകട കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ദീപാവലി ദിനത്തിൽ വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. ബൈക്കുകൾ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ ഗൂഡല്ലൂർ നോർത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.