ഇടുക്കി: ബ്രേക്ക് നഷ്ട്ടപ്പെട്ട ലോറി കാറിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി മാങ്കുളത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് ഒരാൾ മരിച്ചത്. അസം സ്വദേശിയായ അതിഥി തൊഴിലാളി ജയ് ഗോപാൽ മണ്ഡലാണ് (21) ദാരുണമായി അപകടത്തിൽ മരിച്ചത്. ബ്രേക്ക് നഷ്ടപെട്ട മിനി ലോറി വിനോദ സഞ്ചാരികളുടെ കാറിൽ ഇടിച്ചുകയറുകയായിരുന്നു.

ലോറിയുടെ പുറകിലാണ് തൊഴിലാളി നിന്നിരുന്നത്. ഒരു തൊഴിലാളിക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽ നിന്നും എത്തിയ വിനോദ സഞ്ചാരികളുടെ കാറിലാണ് ലോറി ഇടിച്ചത്. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും പരുക്കേറ്റു. മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവർ ചികിത്സയിൽ കഴിയുകയാണ്.

റോഡ് നിർമ്മാണ സാമഗ്രഗികളുമായി പോയ 407 ലോറി കയറ്റം കയറിയപ്പോൾ നിയന്ത്രണം വിട്ട് പിന്നോട്ട് ഉരുളുകയും തമിഴ്നാട് സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിയുകയുമായിരുന്നു. ലോറിയുടെ പിറകിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് അജയ് വാഹനത്തിനടയിൽപ്പെട്ടത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.