കോഴിക്കോട്: വടകരയിൽ മൂരാട് പാലത്തിന് സമീപം കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിച്ചു. ചോറോട് സ്വദേശികളായ കാർ യാത്രക്കാരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.15ഓടെയാണ് ദാരുണമായ സംഭവം. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. അപകട കാരണം വ്യക്തമല്ല.

പയ്യോളി ഭാഗത്തേക്ക് പോകുകയായിരുന്നു കാർ കർണാടക രജിസ്ട്രേഷൻ ട്രാവലർ വാനുമാണ് കൂട്ടിയിടിച്ചത്. ഇന്നോവ കാറാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻ ഭാഗം തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.

ബ്രദേഴ്സ് ബസ് സ്റ്റോപ്പിനു സമീപം പെട്രോൾ പമ്പിൽ ഇന്ധനം നിറക്കാൻ കയറിയ കാർ ദേശീയ പാതയിലേക്ക് കടക്കവെ എതിർ ദിശയിൽ നിന്നും വന്ന ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഈ ഭാഗത്ത് അടുത്തിടെയാണ് മൂരാട് പാലത്തിന്റെയും ദേശീയപാതയുടെയും നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചത്.

കുററ്യാടി പുഴയ്ക്ക് കുറുകെയുള്ള പാലത്തിൽ നിന്നും ഇറങ്ങിയ ഉടനെ തന്നെയാണ് പെട്രോൾ പമ്പ് സ്ഥിതി ചെയ്യുന്നത്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ വടകര ഗവ. ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.