തൃശൂർ: ട്രാഫിക് സിഗ്നലിൽ വെച്ച് കാർ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ചു. തൃശൂർ പുതുക്കാടാണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. സിഗ്നലിൽ നിർത്താൻ ശ്രമിക്കുകയായിരുന്ന ബൈക്ക് യാത്രികൻ്റെ പിറകിൽ വളരെ വേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രികൻ കാറിനു മുകളിലൂടെ പിറകിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ബൈക്ക് യാത്രക്കാരനെ കാറിടിക്കുന്നതും കാറിന് മുകളിലൂടെ മറിഞ്ഞുപോവുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. പരിക്കേറ്റയാളെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.