കോഴിക്കോട്: താമരശ്ശേരിയിൽ നടന്ന വാഹനാപകടത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. കാരാടി ജംഗ്ഷനിൽ വ്യാഴാഴ്ച രാവിലെയോടെ ആണ് അപകടം ഉണ്ടായത്. സ്കൂട്ടറിൽ പിക്കപ്പ് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്.

താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ നഴ്സായ കാരാടി സ്വദേശിനി ഷീജക്കാണ് പരിക്ക് പറ്റിയത്. രാവിലെ ആറ് മണിയോടെ യോഗാ ക്ലാസിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു അപകടം നടന്നത്.

പിക്കപ്പ് വാഹനത്തിന്റെ ടയറുകള്‍ ഷീജയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. വളരെ ഗുരുതരമായി പരിക്കേറ്റ ഷീജയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.