തിരുവല്ല: ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് തേങ്ങ വീണു. ഡ്രൈവര്‍ക്ക് നിയന്ത്രണം തെറ്റി കാര്‍ മരത്തില്‍ ഇടിച്ച് തീപിടിച്ചു. അഗ്നിശമന സേനയെത്തി തീ അണച്ചു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കറ്റോട് തിരമൂലപുരം റോഡില്‍ ഇരുവള്ളിപ്പറയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അപകടം.

കറ്റോട് ഭാഗത്തേക്ക് വന്ന കുട്ടികള്‍ അടങ്ങുന്ന മൂന്ന് യാത്രക്കാര്‍ സഞ്ചരിച്ചിരുന്ന മാരുതി ആള്‍ട്ടോ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. കാര്‍ മരത്തില്‍ ഇടിച്ചതിനെ തുടര്‍ന്ന് നിസ്സാര പരുക്കേറ്റ മൂവരെയും നാട്ടുകാര്‍ ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. സംഭവം അറിഞ്ഞ് തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തീ അണയ്ക്കുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ കെ എസ് അജിത്ത്, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സതീഷ് കുമാര്‍, ഉദ്യോഗസ്ഥരായ സൂരജ് മുരളി,ഷിജു, രഞ്ജിത്, ഷിബിന്‍ രാജ്,സജിമോന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.