തളിപ്പറമ്പ്: തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത നിര്‍മ്മാണസ്ഥലത്ത് വീണ്ടും മണ്ണും പാറയും അടര്‍ന്നുവീണത് യാത്രക്കാരില്‍ പരിഭ്രാന്തിപരത്തി. കുപ്പം കപ്പണത്തട്ടിലാണ് നിര്‍മ്മാണത്തിനിടെ പാറ അടര്‍ന്നുവീണ് അപകടാവസ്ഥയിലായത്. ബുധനാഴ്ച്ച വൈകുന്നേരം നാലരയോടെയാണ് സംഭവം.

തൊഴിലാളികള്‍ പണിയിലേര്‍പ്പെട്ടിരിക്കെയാണ് നാലോളം പാറക്കഷണങ്ങള്‍ ഇടിഞ്ഞുവീണതെങ്കിലും ആര്‍ക്കും പരിക്കില്ല. പാറകള്‍ ഇടിഞ്ഞു വീണതിന് സമീപത്തുള്ള എ.ബി.സി സെയില്‍സ് കോര്‍പ്പറേഷന്റെ കോര്‍പറേറ്റ് ഓഫീസ് അപകടാവസ്ഥയിലായി.

എ.ബി.സി ബില്‍ഡിങ്ങിന്റെ ഗേറ്റിന് സമീപമുള്ള സ്ഥലം വരെ പാറകള്‍ അടര്‍ന്ന് താഴേക്ക് പതിച്ചത് അപകടഭീതി പരത്തുന്നുണ്ട്. വിവരമറിഞ്ഞ് തളിപ്പറമ്പ് തഹസില്‍ദാര്‍ പി.സജീവന്‍, പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ബാലകൃഷ്ണന്‍ എന്നിവരും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. ഈ ഭാഗത്ത് കഴിഞ്ഞ മഴക്കാലത്ത് വ്യാപകമായി മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ വാഹനഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു.