കോഴിക്കോട്: കോഴിക്കോട് നൈറ്റ് പട്രോളിങ്ങിനായി ഇറങ്ങിയ പോലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ട് യുവാക്കള്‍ പിടിയിൽ. എലത്തൂർ സ്വദേശികളായ അബ്ദുൾ മുനീർ, അൻസാർ എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

പുലർച്ചെ രണ്ട് മണിയോടെ നൈറ്റ് പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർക്ക് നേരെ ആക്രമണം നടന്നത്. കേസുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ പോലീസുകാർ സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് പേരെ റോഡരികിൽ കാണുകയായിരുന്നു.

ഇത് അന്വേഷിക്കാനിറങ്ങിയപ്പോഴാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 3 പോലീസുകാരെ ആക്രമിച്ചത്. നടക്കാവ് സ്റ്റേഷനിലെ നവീൻ, രതീഷ്, ഷിജിത്ത് എന്നീ പോലീസുകാർക്കാണ് പരുക്കേറ്റത്. നവീന്റെ ചെവിക്ക് താക്കോൽ കൊണ്ട് കുത്തിപ്പരുക്കേൽപ്പിച്ചു. പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതികൾ കാർ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയായിരുന്നു.