തൃശ്ശൂർ: സ്റ്റോക്ക് മാർക്കറ്റിൽ വൻ തുക ലാഭം വാഗ്ദാനം ചെയ്ത് തൃശ്ശൂരുകാരനിൽ നിന്നും പണം തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. തമിഴ്നാട് കാഞ്ചിപുരം ഹനുമന്തപുരം സ്വദേശിയായ വീരഭദ്രസ്വാമി നഗറിലെ ജി ശരവണകുമാർ (40) എന്നയാളെയാണ് പിടിയിലായത്.

തൃശൂർ സിറ്റി പോലീസ് ക്രൈം ബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഫേസ്ബുക്ക് പേജിൽ സ്റ്റോക്ക് മാർക്കറ്റിലൂടെ ലാഭം ഉണ്ടാക്കാമെന്ന പരസ്യങ്ങളിലൂടെയാണ് പ്രതി തൃശ്ശൂർ സ്വദേശിയെ കെണിയിലാക്കിയതെന്ന് അന്വേഷണ സംഘം പറഞ്ഞു.

ട്രേഡിങ്ങിലൂടെ മികച്ച ലാഭം നേടാം എന്ന വാഗ്ദാനവുമായി തൃശൂര്‍ സ്വദേശിയായ പരാതിക്കാരന് പ്രതിയായ ശരവണകുമാർ ഫേസ്ബുക്കിലൂടെ ഒരു ലിങ്ക് അയച്ചു കൊടുക്കുകയായിരുന്നു. പിന്നീട് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ട്രേഡിങ്ങ് ടിപ്സ് സഹിതം മികച്ച ലാഭം നേടാം എന്നു വിശ്വസിപ്പിച്ച് വിവിധ ഘട്ടങ്ങളിലായി പരാതിക്കാരനിൽ നിന്ന് പണം വിവിധ അക്കൗണ്ടിലേക്ക് അയപ്പിക്കുകയായിരുന്നു.

ഒടുവിൽ ട്രേഡിങ്ങിലെ ലാഭമോ, അയച്ച പണതോ ലഭിക്കാതെയായപ്പോഴാണ് പരാതിക്കാരന് താൻ പറ്റിക്കപ്പെടുകയാണെന്ന് മനസിലായത്. തുടർന്ന് പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ തൃശ്ശൂർ സിറ്റി സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുധീഷ് കുമാർ ആണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഒടുവിൽ പ്രതിയെ പോലീസ് വലയിൽ കുടുക്കുകയായിരുന്നു.