പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ രണ്ടാമന്റെ മൃതദേഹവും കിട്ടി. വഞ്ചികപ്പൊയ്ക ഓലിയ്ക്കല്‍ നിസാമിന്റെ മകന്‍ നെബീല്‍ നിസാമിന്റെ (14) മൃതദേഹമാണ് ഇന്ന് രാവിലെ വേലന്‍കടവിനും താഴെയുള്ള തടയണയക്കും മധ്യേ കണ്ടെത്തിയത്. ഇന്നലെ ഫയര്‍ ഫോഴ്സിന്റെ സ്‌കൂബ ടീം തെരച്ചില്‍ നടത്തിയ സ്ഥലത്ത് തന്നെയാണ് മൃതദേഹം പൊന്തിയത്. ചിറ്റൂര്‍ തടത്തില്‍ വീട്ടില്‍ അജീബ്-സലീന ദമ്പതികളുടെ മകന്‍ അജ്സല്‍ അജീബിന്റെ (14) മൃതദേഹം അന്നു തന്നെ ലഭിച്ചിരുന്നു. പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. ആണ് മരിച്ചത്. സഹപാഠി

ചൊവ്വാഴ്ച ഉച്ചയോടെ ഓണപരീക്ഷ കഴിഞ്ഞ് സഹപാഠികളായ എട്ട് വിദ്യാര്‍ഥികളാണ് കല്ലറക്കടവില്‍ എത്തിയത്. കുട്ടികള്‍ ആറ്റിലിറങ്ങി മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുകയും മറ്റും ചെയ്തു. അജ്സലും നെബീലും ആറിന് കുറുകെയുള്ള തടയണിലൂടെ നടന്ന് നീങ്ങുന്നതിനിടെയാണ് കാല്‍വഴുതി വീണത്. ആറ്റില്‍ നിറയെ വെള്ളവും കുത്തൊഴുക്കുമുണ്ടായിരുന്നു. അജ്സലും നെബീലും മുങ്ങിത്താഴുന്നത് കണ്ട് കൂട്ടത്തിലുണ്ടായിരുന്ന അഞ്ച് കുട്ടികള്‍ ഭയന്നോടി. കടമ്മനിട്ട സ്വദേശിയായ മറ്റൊരു കുട്ടി ബഹളം വച്ച് ആളുകളെ കൂട്ടാന്‍ ശ്രമിച്ചു. അപ്പോഴേക്കും അജ്സലും നെബീലും മുങ്ങിത്താണിരുന്നു.

പത്തനംതിട്ട, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീം അംഗങ്ങള്‍ നടത്തിയ തെരച്ചിലില്‍ സംഭവ സ്ഥലത്ത് നിന്നും 300 മീറ്റര്‍ മാറി വൈകിട്ട് 3.45 ഓടെ അജ്സലിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. നെബീലിനായുള്ള തെരച്ചില്‍ ഇന്നലെയും തുടര്‍ന്നെങ്കിലും മൃതദേഹം കിട്ടിയിരുന്നില്ല. കല്ലറക്കടവ് ഭാഗത്ത് ചുഴിയും അടിയൊഴുക്കുമുള്ളതിനാല്‍ സ്ഥിരം അപകട മേഖലയാണ്. നിരവധി മുങ്ങിമരണം ഉണ്ടായി. ഇവിടെയെത്തുന്ന കുട്ടികളെ പല സമയങ്ങളിലും നാട്ടുകാര്‍ മടക്കി അയയ്ക്കാന്‍ ശ്രമിക്കാറുണ്ട്. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.