തിരുവനന്തപുരം: പശ്ചിമതീര കനാല്‍ പദ്ധതിയുടെ ആദ്യഘട്ടമായി തിരുവനന്തപുരത്തെ ആക്കുളം മുതല്‍ തൃശൂര്‍ ചേറ്റുവ വരെയുള്ള ജലപാത യാഥാര്‍ഥ്യമായി. പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ബോട്ട് യാത്ര നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഉള്‍നാടന്‍ ജലപാത വികസന പദ്ധതിയുടെ ഭാഗമായാണ് പാത സജ്ജമാക്കിയത്. യാത്രകള്‍ക്കും ചരക്കുനീക്കത്തിനും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് 280 കിലോമീറ്റര്‍ പാത.

സംസ്ഥാന സര്‍ക്കാരും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡും(സിയാല്‍) ചേര്‍ന്നുണ്ടാക്കിയ കേരള വാട്ടര്‍വേയ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് പദ്ധതി നടപ്പാക്കുന്നത്. കോവളംമുതല്‍ ബേക്കല്‍വരെയാണ് ജലപാത ഒരുക്കുന്നത്. പാതയുടെ ഇരുവശവും ബോട്ട് ജെട്ടി നിര്‍മിക്കും. വിനോദസഞ്ചാര മേഖലയ്ക്കും നേട്ടമാകും. രാജ്യത്ത് തുരങ്കമുള്ള ഏക ജലപാതയാണിത്. 340 മീറ്ററാണ് വര്‍ക്കലയിലെ ചിലക്കൂര്‍ തുരങ്കത്തിന്റെ ദൈര്‍ഘ്യം.

സംസ്ഥാന സര്‍ക്കാര്‍ 2018ല്‍ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി ആരംഭിക്കുകയും രാജഭരണകാലത്തെ തകര്‍ന്ന കനാലുകള്‍ നവീകരിക്കുകയുംചെയ്തു. 202122ല്‍ കോവളംബേക്കല്‍ കനാലിന്റെ മാസ്റ്റര്‍പ്ലാനിനുള്ള പദ്ധതിക്ക് രൂപംനല്‍കി. പുനര്‍ഗേഹം പദ്ധതി പ്രകാരം ഭൂമി ഏറ്റെടുക്കല്‍, കനാല്‍ നവീകരണം, പുനരുദ്ധാരണം എന്നിവയ്ക്ക് കിഫ്ബി വഴി 2556 കോടി രൂപ അനുവദിച്ചു.