പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യക്കിടെ ആചാരലംഘനം നടന്നുവെന്ന കണ്ടെത്തലില്‍ പ്രായശ്ചിത്തം ചെയ്യാന്‍ ക്ഷേത്ര ഉപദേശക സമിതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കി. ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ ഭഗവാന് നിവേദിക്കും മുമ്പ് ദേവസ്വംമന്ത്രി വി.എന്‍. വാസവന് വിളമ്പിയതാണ് നേരത്തെ വിവാദമായത്.

മന്ത്രിക്ക് ആദ്യം സദ്യ വിളമ്പിയത് ആചാരലംഘനമാണെന്ന് കാട്ടി ക്ഷേത്രം തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കുകയായിരുന്നു. പരിഹാരക്രിയ വേണമെന്നും ആവശ്യപ്പെട്ടു. വള്ളസദ്യയുടെ നടത്തിപ്പുകാരായ പള്ളിയോട സേവാസംഘം പ്രതിനിധികള്‍, ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍, ദേവസ്വം ഉദ്യോഗസ്ഥരുള്‍പ്പെടെ പരിഹാരക്രിയ ചെയ്യണമെന്നായിരുന്നു നിര്‍ദേശം.

സെപ്റ്റംബര്‍ 14ന് നടന്ന അഷ്ടമിരോഹിണി വള്ളസദ്യയിലായിരുന്നു ആചാരലംഘനം. ക്ഷേത്രത്തില്‍ ദേവന് നേദിച്ച ശേഷം ഉച്ചപൂജ കഴിഞ്ഞാണ് ഉദ്ഘാടന ചടങ്ങ് നടത്തേണ്ടത്. എന്നാല്‍ ഉദ്ഘാടകനായി എത്തിയ മന്ത്രിക്കും മറ്റുള്ളവര്‍ക്കും ഇതിനു മുമ്പ് സദ്യവിളമ്പിയെന്നായിരുന്നു തന്ത്രി ബോര്‍ഡിനെ അറിയിച്ചത്.

പ്രായശ്ചിത്തമായി ക്ഷേത്ര ഉപദേശക സമിതിയും പള്ളിയോട സേവാ സംഘവും നാട്ടുകാരും ചേര്‍ന്ന് ക്ഷേത്രത്തിന് വലം വെച്ച് ശ്രീ കോവിലിനു മുമ്പില്‍ പിടിപ്പണം സമര്‍പ്പിക്കും. തുടര്‍ന്ന് ഒരു പറ അരിയുടെ നിവേദ്യം സമര്‍പ്പിച്ച ശേഷം ഭക്തര്‍ക്ക് പത്തു പറ അരിയുടെ സദ്യ നല്‍കും.