ആലുവ: വാടക നൽകാത്തതിന്റെ വിരോധത്തിൽ വാടകക്കാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച വീട്ടുടമസ്ഥനും കൂട്ടാളിയും കളമശ്ശേരി പൊലീസിന്റെ പിടിയിലായി. ആലുവ, തൈക്കാട്ടുകര, വിടാക്കുഴ, നംബാട്ടുനട വീട്ടിൽ അലിയാർ മകൻ നസീർ എൻ. എ ( 43). ആസ്സാം, നാഗൗൺ , ഗുരുബന്ധ, ബക്കർ അലി മകൻ ഫോജോർ അലി 23) എന്നിവരെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകീട്ട് നാല് മണിയോടെ കളമശ്ശേരി, വിടാക്കുഴ നസീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള വാടക വീട്ടിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. നസീറും ഇയാൾ നോർത്ത് കളമശ്ശേരിയിൽ നടത്തിവരുന്ന ഫ്രൂട്ട്‌സ് സ്റ്റാളിലെ ജോലിക്കാരനായ ആസ്സാം സ്വദേശിയായ ഫോജോർ അലിയും കൂടി ഇന്നലെ വൈകീട്ടോടെ മുഹമ്മദ് അസ്‌കർ താമസ്സിക്കുന്ന വാടക വീട്ടിലെത്തി വാടക കുടിശ്ശിക ആവശ്യപ്പെടുകയും, വാടക തന്നില്ലെങ്കിൽ ഉടൻ തന്നെ വാടക വീട് ഒഴിയുവാൻ ഇവരോട് നസീർ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ വീടൊഴിയുവാൻ സാവകാശം ചോദിച്ച മുഹമ്മദ് അസ്‌കറിനെ ഇവർ തള്ളി മാറ്റി വീടിനകത്ത് കടന്ന് വീട്ട് സാധനങ്ങൾ പുറത്തേക്കെറിയുകയും, ഇത് തടയുവാനെത്തിയ മുഹമ്മദ് അസ്‌കറിനേയും ഭാര്യയായ ജാസ്മിനെയും മകനായ ഷറഫുദ്ദീനേയും ഇരുവരും ചേർന്ന് മർദ്ദിക്കുകയും, തുടർന്ന് നസീർ മുറ്റത്ത് കിടന്ന കോൺക്രീറ്റ് കട്ട കൊണ്ട് മുഹമ്മദ് അസ്‌കറിന്റെ തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.

രക്തം വാർന്ന് അവശനിലയിലായ മുഹമ്മദ് അസ്‌കറിനെ വീട്ടുകാർ ഹോസ്പിറ്റലിൽ കൊണ്ടു പോകുവാൻ ശ്രമിക്കുകയും എന്നാൽ ഇത് അനുവദിക്കാതെ നസീറും കൂട്ടാളിയും ചേർന്ന് ഇവരെ തടഞ്ഞു നിർത്തുകയുമായിരുന്നു. വിവരം അറിഞ്ഞു പൊലീസ് സംഘം സ്ഥലത്തെതും മുൻപേ നസീറും കൂട്ടാളിയും സംഭവ സ്ഥലത്തു നിന്ന് കടന്ന് കളഞ്ഞിരുന്നു. തുടർന്ന് പൊലീസ് പരിക്കേറ്റ മൂവരേയും ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മുഹമ്മദ് അസ്‌കറിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത കളമശ്ശേരി പൊലീസ് പ്രതികൾക്കു വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കുകയും, തുടർന്ന് മെഡിക്കൽ കോളേജിന്റെ പരിസരത്ത് നിന്നും ഇവരെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്‌പെക്ടർ വിനോജ് എഎസ്‌ഐ പ്രദീപ് കുമാർ സിപിഒ മാരായ വിനോദ് , ശരത് ലാൽ എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ്. പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.