കൽപ്പറ്റ: വയനാട്ടിൽ അനധികൃതമായി മദ്യം സൂക്ഷിച്ച 60കാരനെ പൊലീസ് കുടുക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ. പുതുച്ചേരിയിൽ നിന്നാണ് ഇയാൾ വിദേശ മദ്യമെത്തിച്ച് വിൽപ്പനക്കായി സൂക്ഷിച്ചത്. കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കണിയാമ്പറ്റ മില്ല് മുക്ക് പോയിലൻ വീട്ടിൽ ഖാദർ ആണ് പൊലീസിന്റെ പിടിയിലായത്. പന്ത്രണ്ട് ബോട്ടിൽ മദ്യമാണ് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്.

കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എം.എ സന്തോഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തെരച്ചിലിൽ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ മാത്രം വിൽപ്പന നടത്താവുന്ന 500 മില്ലി ലിറ്റർ വരുന്ന പന്ത്രണ്ട് ബോട്ടിൽ മദ്യമാണ് പ്രതിയുടെ വീട്ടിൽ പൊലീസ് പിടിച്ചെടുത്തത്. പുതുച്ചേരിയിൽ നിന്ന് മദ്യം കടത്തി കൂടിയ വിലയിൽ ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു ഇയാളുടെ രീതിയെന്ന് പൊലീസ് അറിയിച്ചു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ക്രിസ്തുമസ് പുതുവത്സര ദിനത്തോടനുബന്ധിച്ച് എക്സൈസ്, പൊലീസ് വകുപ്പുകൾ പരിശോധനകൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. പരിശോധനകളിൽ നിരവധി പേർ ലഹരിമരുന്നുമായി അന്വേഷണ സംഘത്തിന്റെ പിടിയിലായിരുന്നു.