- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസ്: പ്രതികളായ ലോറി ഡ്രൈവർ ശ്രീജുവിനെയും അഞ്ജുരാജിനെയും ഹാജരാക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: ഭർത്താവ് കുത്തേറ്റു മരിച്ച കേസിൽ ഭാര്യയേയും ഭാര്യാ കാമുകനെയും ഹാജരാക്കാൻ തിരുവനന്തപുരം നാലാം അഡീ. ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തിയ ആര്യനാട് അരുൺ കൊലക്കേസിലാണ് കോടതി ഉത്തരവ്. പ്രതികളായ കൊല്ലപ്പെട്ട അരുണിന്റെ സുഹൃത്ത് ആനാട് ചന്ദ്രമംഗലം എസ്.എസ്.നിവാസിൽ ലോറി ഡ്രൈവർ ശ്രീജു എന്ന ഉണ്ണിക്കുട്ടനെ (36) യും അരുണിന്റെ ഭാര്യ അഞ്ജുരാജിനെ (27) യും ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. നെടുമങ്ങാട് ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കൽ വീട്ടിൽ അരുൺ (36) ആണ് കൊല്ലപ്പെട്ടത്. പ്രതികളെ ഹാജരാക്കാൻ കേസ് ചാർജ് ചെയ്ത നെടുമങ്ങാട് ഡിവൈഎസ്‌പി യോടാണ് വിചാരണ കോടതി ഉത്തരവിട്ടത്.
2021 മാർച്ച് 25 നാണ് നാടിനെ നടുക്കിയ ദാരുണ കൊലപാതകം നടന്നത്. കുടുംബകലഹത്തെ തുടർന്നു ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. അഞ്ജു താമസിച്ചിരുന്ന ആര്യനാട്: ഉഴമലയ്ക്കൽ കുളപ്പടയിലെ ബന്ധുവീട്ടിൽ ചൊവ്വാഴ്ച രാത്രിയാണു സംഭവം നടന്നത്. ശ്രീജു ഇവിടെയുണ്ടെന്നറിഞ്ഞ് അരുൺ എത്തിയതാണെന്നും തുടർന്നുണ്ടായ വഴക്കിനിടെയാണു കുത്തേറ്റതെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു. താനാണു ഭർത്താവിനെ കുത്തിയതെന്നാണ് അഞ്ജു ആദ്യം പൊലീസിനു മൊഴി നൽകിയത്. താനാണു കുത്തിയതെന്നു ശ്രീജുവും പറഞ്ഞു. പിന്നീടു വിശദമായി ചോദ്യം ചെയ്തപ്പോൾ അഞ്ജു നിലപാടു മാറ്റി.
അഞ്ജുവും അരുണും 10 വർഷം മുൻപു പ്രണയ വിവാഹിതരായവരാണ്. ശ്രീജുവുമായി അഞ്ജു അടുപ്പത്തിലായതോടെ ഉഴമലയ്ക്കൽ കുളപ്പടയിലെ ബന്ധുഗൃഹത്തിലേക്ക് ഒരു വർഷം മുൻപ് അരുൺ ഭാര്യയുമൊത്തു താമസം മാറ്റിയിരുന്നു. പിന്നീടും കുടുംബ കലഹമുണ്ടായിരുന്നെന്നും അരുണിനെ വീട്ടിൽ വരുന്നതിൽ നിന്ന് അഞ്ജു വിലക്കിയിരുന്നെന്നും പൊലീസ് പറഞ്ഞു. ഒരു മാസമായി അരുൺ നെടുമങ്ങാട് ലോഡ്ജിൽ തങ്ങുകയായിരുന്നു.
സംഭവ ദിവസം രാത്രി പത്തരയോടെ വീട്ടിലെത്തിയ അരുണും ശ്രീജുവുമായുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ എത്തി. ശ്രീജു അരുണിനെ ചവിട്ടി വീഴ്‌ത്തി കുത്തുകയായിരുന്നെന്നും പൊലീസ് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. ശിഖയാണ് അരുണിന്റെ മകൾ. ലോറി ഡ്രൈവറായ ശ്രീജുവും വിവാഹിതനും മകളുണ്ട്.