തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനം സെപ്തംബര്‍ 15 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോടു ശുപാര്‍ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.


കേരളം - വിഷന്‍ 2031 സംസ്ഥാനതല സെമിനാറുകള്‍

2031 ഓടെ കേരളം എങ്ങനെയായിരിക്കണം, പ്രധാന മേഖലകളില്‍ എന്തെല്ലാം മാറ്റങ്ങളുണ്ടാകണം എന്നതിനെക്കുറിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിന് സെമിനാറുകള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ മാസം വിവിധ വിഷയങ്ങളിലായി മന്ത്രിമാരുടെ നേതൃത്വത്തില്‍ 33 സെമിനാറുകളാണ് സംഘടിപ്പിക്കുക.

തിരുവനന്തപുരം: ഭക്ഷ്യ പൊതുവിതരണം, പൊതു വിദ്യാഭ്യാസം, വ്യവസായം

കൊല്ലം: മൃഗ സംരക്ഷണവും ക്ഷീരവികസനവും, തൊഴില്‍

പത്തനംതിട്ട: ഗതാഗതം, ആരോഗ്യം

ആലപ്പുഴ: കൃഷി, ഫിഷറീസ്

കോട്ടയം: ഉന്നതവിദ്യാഭ്യസം, സഹകരണം

ഇടുക്കി: ജലവിഭവം, ടൂറിസം

എറണാകുളം: ധനകാര്യം, രജിസ്ട്രേഷന്‍, ഐ.ടി, സര്‍വ്വേ, ന്യൂനപക്ഷ ക്ഷേമം

തൃശ്ശൂര്‍: റവന്യൂ, സാമൂഹ്യ നീതി, സാംസ്‌കാരികം

പാലക്കാട്: വൈദ്യുതി, തദ്ദേശസ്വയംഭരണം, എക്സൈസ്സ്

മലപ്പുറം: കായികം, വനിത ശിശുവികസനം

കോഴിക്കോട്: പൊതുമരാമത്ത് യുജന ക്ഷേമം

വയനാട്: പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം, വനം, വന്യജീവി

കണ്ണൂര്‍: തുറമുഖം, ആഭ്യന്തരം

കാസര്‍ഗോഡ്: മ്യൂസിയവും പുരാവസ്തു പുരാരേഖയും, നോര്‍ക്ക

താലൂക്ക് ആശുപത്രികളില്‍ അസിസ്റ്റന്റ് ദന്തല്‍ സര്‍ജ്ജന്‍ തസ്തിക

ദന്തല്‍ യൂണിറ്റ് തുടങ്ങാന്‍ ഭരണാനുമതി ലഭിച്ചതും അസിസ്റ്റന്റ് ദന്തല്‍ സര്‍ജ്ജന്‍ തസ്തിക നിലവിലില്ലാത്തതുമായ അഞ്ച് താലൂക്ക് ആശുപത്രികളില്‍ ഓരോ അസിസ്റ്റന്റ് ദന്തല്‍ സര്‍ജ്ജന്‍ തസ്തിക വീതം സൃഷ്ടിക്കും. കട്ടപ്പന, ബേഡഡുക്ക, മംഗല്‍പാടി, പത്തനാപുരം, കൊണ്ടോട്ടി എന്നീ താലൂക്ക് ആശുപത്രികളിലാണ് തസ്തിക സൃഷ്ടിക്കുക.

നിയമനം

ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വിരമിച്ച ഇഷിതാറോയി ഐ.എ.എസ് നെ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരള (സി.സി.ഇ.കെ) യുടെ ഡയറക്ടറായി നിയമിക്കും.

വിദ്യാഭ്യാസ വകുപ്പിനുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയില്‍ ഡയറക്ടറായി ആലപ്പുഴ തകഴി ഡി.ബി. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഡോ. പി. പ്രമോദിന് നിയമനം നല്‍കും.

അന്താരാഷ്ട്ര ഹാന്റ് ബോള്‍ കായികതാരമായ എസ്.ശിവപ്രസാദിന് കെ-ടെറ്റ് - കഢ യോഗ്യതയില്‍ ഇളവുവരിത്തി പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചര്‍ (ഹൈസ്‌കൂള്‍) തസ്തികയില്‍ നിലവിലുള്ളതോ ഉണ്ടാകാന്‍ പോകുന്നതോ ആയ ഒഴിവില്‍ നിയമിക്കും.

പാട്ടത്തിനു നല്‍കും

ഓട്ടോകാസ്റ്റ് ലീമിറ്റഡിന്റെ 10 ഏക്കര്‍ ഭൂമി സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പ്പറേഷന് 60 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കും.

ശമ്പള പരിഷ്‌ക്കരണം

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാരുടെ 11-ാം ശമ്പള പരിഷ്‌ക്കരണം നിബന്ധനകള്‍ക്ക് വിധേയമായി 01.07.2019 പ്രാബല്യത്തില്‍ നടപ്പാക്കും. ശമ്പള പരിഷ്‌ക്കരണ കുടിശിക വീട്ടുവാടക കുടിശിക എന്നിവ നല്‍കുന്നതിന് കെ.എസ്.ബി.സി.ഡി.സി ഡയറക്ടര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി.

തസ്തിക

1989 ലെ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ അതിക്രമം തടയല്‍ നിയമ പ്രകാരമുള്ള കേസുകള്‍ വാദിക്കുന്നതിനായി എറണാകുളം ജില്ലയില്‍ രൂപീകരിച്ച സ്പെഷ്യല്‍ കോടതിയില്‍ 70,000/ രൂപ പ്രതിമാസ വേതനത്തില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ഒരു തസ്തിക സൃഷ്ടിക്കും.

അണ്ടര്‍ വാല്യുവേഷന്‍ നടപടി ഒഴിവാക്കും

ഭിന്നശേഷി കുട്ടികള്‍ക്കായി നടത്തുന്ന സാമുഹ്യ പ്രവര്‍ത്തനമെന്ന പൊതു താല്പര്യം മുന്‍നിര്‍ത്തി, ഒരു പ്രത്യേക കേസായി പരിഗണിച്ച് ഡിഫറന്റ് ആര്‍ട്ട്സ് സെന്റര്‍ - ഐ.ഐ.പി.ഡി പദ്ധതി കാസര്‍ഗോഡ് ആരംഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്ത ആധാരത്തിനുമേലുള്ള അണ്ടര്‍ വാല്യുവേഷന്‍ നടപടി ഒഴിവാക്കി നല്‍കും.