തൃശ്ശൂർ: എസ് എൻ പുരം പള്ളിനടയിൽ വീട്ടുജോലിക്കാരിയായ വയോധികയെ ആക്രമിച്ച് മാല കവർന്ന കേസിൽ പ്രതിയെ പിടികൂടി പോലീസ്. എസ്. എൻ പുരം പനങ്ങാട് സ്വദേശി പുത്തുവീട്ടിൽ വിജേഷ്( 42) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പനങ്ങാട് സ്വദേശി കരിപ്പാടത്ത് വീട്ടിൽ അരവിന്ദാക്ഷന്റെ ഭാര്യ ജയ (60) യെ ആക്രമിച്ച് പരിക്കേൽപ്പിച്ച്. ഇവരുടെ കഴുത്തിൽ കിടന്നിരുന്ന 3 പവനോളം തൂക്കം വരുന്ന സ്വർണ്ണമാലയും പ്രതി കവർന്നു. വലപ്പാട് ഭാഗത്ത് നിന്നുമാണ് പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് പിടികൂടിയത് .

തയ്യിൽ വിശ്വനാഥൻ എന്ന ആളുടെ വീട്ടിൽ ജയ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അക്രമമുണ്ടായത്. ജയയുടെ പിന്നിലൂടെ എത്തിയ പ്രതി അഞ്ചോളം വട്ടം കുത്തിയതായാണ് വിവരം. ഇതിൽ ഒരെണ്ണം ആഴത്തിലുള്ളതാണ്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പള്ളിനട സാന്ത്വനം ആംബുലൻസ് പ്രവർത്തകർ ആണ് പരിക്കേറ്റ ജയയെ ആശുപത്രിയിൽ എത്തിച്ചത്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി. വൈ. എസ്. പി വി. കെ. രാജു, മതിലകം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജി.വി. കെ, എസ്. ഐ മാരായ അശ്വിൻ, റാഫി, എ. എസ്. ഐ. പ്രജീഷ്, എസ്. സി. പി. ഒ പ്രബിൻ, വലപ്പാട് പോലീസ് സ്റ്റേഷൻ സി. പി. ഒ മാരായ റെനീഷ്, ശ്രാവൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.