തിരുവനന്തപുരം: വർക്കലയിൽ വിനോദസഞ്ചാരത്തിനെത്തിയ ദമ്പതികളെ ഉപദ്രവിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശി അമൽ ബൈജു (25) ആണ് കസ്റ്റഡിയിലായത്. ഞായറാഴ്ച രാത്രി 11 മണിയോടെ നോർത്ത് ക്ലിഫ് ഭാഗത്തുള്ള ഒരു റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ ദമ്പതികളെയാണ് ഇയാൾ ശല്യം ചെയ്തത്.

ലഹരി ഉപയോഗിച്ച നിലയിലായിരുന്നു പ്രതിയെന്നും, യുവതിയുടെ കയ്യിൽ പിടിച്ച് വലിച്ചതായും പരാതിയിൽ പറയുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ഭർത്താവ് ഉടൻ പൊലീസിനെ വിവരമറിയിച്ചു. ടൂറിസം പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അമൽ ബൈജുവിനെ പിടികൂടിയത്.

സംഭവസമയത്ത് പ്രതിയോടൊപ്പം മറ്റ് രണ്ട് യുവാക്കൾ കൂടിയുണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അഞ്ച് വർഷം മുൻപ് ബെംഗളൂരുവിൽ ഡാർക്ക് വെബ് വഴി മയക്കുമരുന്ന് വാങ്ങിയ കേസിൽ പ്രതിയായിരുന്നെന്നും പൊലീസ് അറിയിച്ചു.