തിരുവനന്തപുരം: ടാപ്പിംഗ് തൊഴിലാളിയെ ആള് മാറി വെട്ടി പരിക്കേൽപ്പിച്ചതായി വിവരങ്ങൾ. തിരുവനന്തപുരം നെടുമങ്ങാട് വലിയമലയിലാണ് സംഭവം നടന്നത്. കരിങ്ങ സ്വദേശി തുളസിധരൻ നായരെയാണ് അക്രമികൾ വെട്ടി പരിക്കേൽപ്പിച്ചത്. സെന്‍റ് തോമസ് പള്ളിയിലെ കപ്യാരായ സന്തോഷിനെ ആക്രമിക്കാനാണ് സംഘം എത്തിയത് എന്നാണ് സൂചനകൾ ലഭിക്കുന്നത്.

തോമസ് പള്ളിക്ക് മുന്നിലെ റബ്ബർ തോട്ടത്തിൽ നിന്ന തൊഴിലാളിയെ നാല് അംഗസംഘം വെട്ടി പരിക്കേൽപ്പിച്ചത്. വാക്കത്തി ഉപയോഗിച്ച് മുഖത്തും കൈയിലും കാലിലും നെഞ്ചിലുമാണ് വെട്ടിയത്. തുളസിധരൻ നായർ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തിയപ്പോൾ അക്രമി സംഘം ഓടി രക്ഷപെടുകയായിരുന്നു.

സന്തോഷ് ആണോ എന്നു ചോദിച്ച ശേഷമാണ് സംഘം തന്നെ വെട്ടിയതിന് തുളസീധരൻ നായർ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. കരിങ്ങ സെന്‍റ് തോമസ് പള്ളിയിലെ കപ്യാരാണ് സന്തോഷ്‌. സംഭവം നടന്ന പുരയിടത്തിലൂടെയാണ്‌ സ്ഥിരമായി സന്തോഷ് പള്ളിയിലെ മണിയടിക്കാൻ പോകാറുള്ളത്. അതിനാൽ സന്തോഷാണെന്ന് തെറ്റിദ്ധരിച്ചാണ് തുളസീധരൻ നായരെ ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത് സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.