തിരുവല്ല : തിരുവല്ലയിലെ ചാത്തങ്കരിയിൽ തെങ്ങിൻ തൈകൾക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ വ്യാപക ആക്രമണം. മൂന്നു മുതൽ ഏഴ് വർഷം വരെ പ്രായമുള്ള 200 മൂടോളം വരുന്ന തെങ്ങിൻ തൈകൾ ആണ് നശിപ്പിക്കപ്പെട്ടത്. 280 ഏക്കറോളം വരുന്ന ചാത്തങ്കരി പാടത്തിന്റെ ബണ്ടുകളിലായി വളർത്തിയിരുന്ന തെങ്ങിൻ തൈകളുടെ കൂമ്പും കുരുത്തോലയും ഉൾപ്പെടെയുള്ള മണ്ട ഭാഗമാണ് സാമൂഹ്യവിരുദ്ധർ മുറിച്ചു നീക്കിയത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം നടന്നത്.

നെൽ - നാളികേര കർഷകരായ ചാത്തങ്കരി ചെരിപ്പേരിൽ വീട്ടിൽ തോമസ് ജോർജ്ജ് ( സന്തോഷ് ), ചെരിപ്പേരിൽ ചാണ്ടി തോമസ് ( അച്ചൻകുഞ്ഞ്), ബാബു കൊല്ലകുഴി, ചെരിപ്പേരിൽ വിനോദ് സി തോമസ്, പുത്തൻപുരയ്ക്കൽ മോൻസി എന്നിവരുടെ കൃഷിയാണ് ഒറ്റ രാത്രികൊണ്ട് നശിപ്പിക്കപ്പെട്ടത്. ഏഴുവർഷം വരെ പ്രായമുള്ള തെങ്ങുകളുടെ ഇളം മടലുകൾ അടക്കം ചവിട്ടിയൊടിച്ച നിലയിലും ആണ്. കായ് ഭലം ലഭിച്ചു തുടങ്ങിയതും ചൊട്ട പൊട്ടുന്ന പാകത്തിലുള്ള തെങ്ങുകളുടെയും മണ്ട നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

ഇതോടെ ഇത്രയും തെങ്ങുകൾ വളർച്ച മുരടിച്ച് പൂർണമായും നശിക്കും എന്നാണ് കർഷകർ പറയുന്നത്. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹരിദാസിനി, കൃഷി ഓഫീസർ എന്നിവർ സ്ഥലം സന്ദർശിച്ചു. സംഭവം സംബന്ധിച്ച് കർഷകരുടെ പരാതി ലഭിച്ചതായും അന്വേഷണം പുരോഗമിക്കുന്നതായും പുളിക്കീഴ് എസ് ഐ പറഞ്ഞു.