ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ വച്ച് വിഷം കഴിച്ച ശേഷം കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിന് രക്ഷകരായത് ടൂറിസം പൊലീസ്‌. ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. പൊലീസിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നുള്ള തിരച്ചിലിലാണ് യുവാവിനെ കണ്ടെത്തിയത്.

ഒരാൾ ആലപ്പുഴ ബീച്ചിലെത്തി കടലിൽ ചാടി ജീവനൊടുക്കാൻ ശ്രമിക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഈ വിവരം ലഭിച്ച ഉടൻ തന്നെ ടൂറിസം പൊലീസ് സംഘം ബീച്ചിൽ പരിശോധനക്ക് ഇറങ്ങി. പരിശോധനയ്ക്കിടെ, വിഷം കഴിച്ച ശേഷം കടലിൽ ചാടാൻ തയ്യാറെടുക്കുകയായിരുന്ന യുവാവിനെ പൊലീസ് കണ്ടെത്തുകയായിരുന്നു.

ടൂറിസം പൊലീസ് ഉദ്യോഗസ്ഥരായ ധനേഷും ഇന്ദ്രജിത്തും കോസ്റ്റൽ വാർഡൻ രഞ്ജിത്തും ചേർന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിന്റെ സംസാരത്തിൽ പന്തികേട് തോന്നിയതിനെ തുടർന്ന് മൂവരും ചേർന്ന് യുവാവിനെ ഉടൻ തന്നെ സമീപത്തുള്ള ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം, വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് കണ്ടതിനെ തുടർന്ന് യുവാവിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. യുവാവിന്റെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.