തിരുവനന്തപുരം: പെരിങ്ങമ്മലയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ കാട്ടുപോത്തിന്‍റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഇടവം ഭാഗത്ത് വെച്ചുണ്ടായ ആക്രമണത്തിൽ ഓട്ടോറിക്ഷ മറിയുകയും ഡ്രൈവറുൾപ്പെടെ രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുത്തിക്കാണിയിൽ അശ്വിൻ, സനോജ് എന്നിവർക്കാണ് പരിക്കേറ്റത്.

രാത്രി എട്ട് മണിയോടെ പെരിങ്ങമ്മല ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷയെ റോഡിന് വശത്തുനിന്നും പാഞ്ഞെത്തിയ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. കാട്ടുപോത്തിന്‍റെ കുത്തേറ്റ് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പരിക്കേറ്റവരെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇടവം, ഇടിഞ്ഞാർ പ്രദേശങ്ങളിൽ വന്യജീവി ആക്രമണങ്ങൾ പതിവാണെന്നും ഇത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വന്യജീവി ശല്യം രൂക്ഷമായ മേഖലയിൽ സുരക്ഷാ നടപടികൾ ഊർജ്ജിതമാക്കണമെന്ന ആവശ്യം ഈ സംഭവത്തോടെ ശക്തമായിരിക്കുകയാണ്.