തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ബാർ ജീവനക്കാരനായ ആസാം സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. നെയ്യാറ്റിൻകര കുന്നത്തുകാലിലെ ഹിൽപാലസ് ബാറിലെ ജീവനക്കാരനായ ബിനോയ് ഡോളിയാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സമീപത്തെ കടക്കാരൻ മൃതദേഹം കണ്ടെത്തിയത്. കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴെ വീണ് തലയിടിച്ച് രക്തം വാർന്ന് മരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം കണ്ടയുടൻ കടക്കാരൻ വെള്ളറട പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ജോലി മതിയാക്കി നാട്ടിലേക്ക് പോകാൻ ഒരുങ്ങുകയായിരുന്നെന്ന് ബിനോയ് ഡോളി സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വെള്ളറട പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്ന് പോലീസ് അറിയിച്ചു.