കോതമംഗലം: കോട്ടപ്പടി വാവേലിയിൽ കാട്ടാനയെ റോഡിൽ കണ്ട് ഭയന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്. മുട്ടത്തുപാറ തട്ടുപറമ്പിൽ സിജോ ശിവനാ(അപ്പു - 40)ണ് പരിക്കേറ്റത്. വാവേലി-വേട്ടാമ്പാറ റോഡിൽ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.

കുളങ്ങാട്ടുകുഴി ഗ്രൗണ്ടിൽ വോളിബോൾ കളി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിജോ, പ്ലാന്റേഷനിലൂടെയുള്ള റോഡിൽ എത്തിയപ്പോഴാണ് കാട്ടാനയെ കണ്ടത്. എതിരെ വന്ന കാറിന്റെ വെളിച്ചത്തിലാണ് റോഡ് മുറിച്ചു കടക്കുകയായിരുന്ന ആനയെ സിജോ ശ്രദ്ധിച്ചത്. ആനയെ കണ്ടതോടെ കാർ ഓടിച്ചയാൾ വാഹനം റോഡരികിൽ നിർത്തി. ഇതോടെ സിജോ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബൈക്ക് മറിയുകയായിരുന്നു.

ബൈക്ക് മറിഞ്ഞ ഭാഗത്തേക്ക് ആന തിരിഞ്ഞെത്തിയതോടെ ഭയന്നോടിയ സിജോയുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. വനപാലകർ സ്ഥലത്തെത്തി ആനയെ വനത്തിലേക്ക് തുരത്തി. വീഴ്ചയിൽ സിജോയുടെ കൈകാലുകൾക്ക് പരിക്കേൽക്കുകയും ബൈക്കിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.