തിരുവനന്തപുരം: റോഡിലൂടെ ബൈക്കിൽ അഭ്യാസപ്രകടനങ്ങള്‍ നടത്തി ഇന്‍സ്റ്റഗ്രാം റീലുകൾ ഉണ്ടാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ കടുത്ത നടപടി. അഭ്യാസപ്രകടനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു. കാട്ടാക്കട ഡിവൈഎസ്പി ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘവും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.

ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയവര്‍ 15,000 രൂപ മുതല്‍ ഒരുലക്ഷത്തോളം രൂപ വരെ പിഴ ഒടുക്കേണ്ടിവരുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പരിശോധനയിൽ അഞ്ചുവാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇന്‍സ്റ്റഗ്രാമില്‍ ബൈക്ക് സ്റ്റണ്ടുമായി ബന്ധപ്പെട്ട് പങ്കുവെച്ച റീലുകള്‍ നീക്കം ചെയ്യാനും നിർദ്ദേശം ഉണ്ട്.

ബൈക്കുകളുടെ സൈലന്‍സറില്‍ രൂപമാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്. ചില ബൈക്കുകളില്‍ നമ്പര്‍ പ്ലേറ്റ് ഇല്ല, ചിലതില്‍ നമ്പര്‍ പ്ലേറ്റ് വ്യക്തവുമല്ല. വരും ദിവസങ്ങളിലും ഇത്തരം വാഹനങ്ങള്‍ പിടികൂടാനാണ് ഉദ്യോഗസ്ഥർ എടുത്തിരിക്കുന്ന തീരുമാനം.